മനാമ: ബഹ്‌റൈനിലെ വിവിധ സംസ്കാരങ്ങളെയും പ്രവാസി സമൂഹങ്ങളെയും സിനിമയിലൂടെ ചേർത്തുനിർത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി മുക്ത എ2 സിനിമാസ് മാനേജ്‌മെന്റ് ബഹ്‌റൈനിലെ ഫിലിപ്പീൻസ് അംബാസഡർ ഹിസ് എക്‌സലൻസി ജിനസ് ജെയിം റിക്കാർഡോ ഡി ഗല്ലാഗയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. പുതിയ ഫിലിപ്പിനോ ചിത്രമായ ‘ഓൾവേസ് യുവേഴ്സ്, നെവർ മൈൻ’ എന്ന സിനിമയുടെ പ്രീമിയർ ഷോയിലേക്ക് അംബാസഡറെ ഔദ്യോഗികമായി ക്ഷണിക്കാനാണ് മാനേജ്‌മെന്റ് പ്രതിനിധികൾ എത്തിയത്.

മുക്ത എ2 സിനിമാസ് വൈസ് പ്രസിഡന്റ് പ്രസാദ്, മാർക്കറ്റിംഗ് മാനേജർ ഗുലാം അഹമ്മദ്, ഓപ്പറേഷൻസ് മാനേജർ അസ്ഹർ എന്നിവരടങ്ങിയ സംഘമാണ് അംബാസഡറെ സന്ദർശിച്ചത്. സിനിമയിലൂടെ ജനങ്ങളെ ഒന്നിച്ചു കൊണ്ടുവരാനും സാംസ്കാരിക പാരമ്പര്യങ്ങൾ ആഘോഷിക്കാനും പ്രവാസി സമൂഹങ്ങൾക്കിടയിൽ സന്തോഷവും സൗഹൃദവും വളർത്താനുമുള്ള മാർഗ്ഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഫിലിപ്പീൻസ് സമൂഹത്തിന്റെ ക്ഷേമത്തിനായി അംബാസഡർ നൽകുന്ന സംഭാവനകളെ മുക്ത എ2 സിനിമാസ് വൈസ് പ്രസിഡന്റ് പ്രസാദ് അഭിനന്ദിച്ചു. കൂടാതെ ഈ സൗഹൃദ കൂട്ടായ്മയ്ക്ക് അവസരമൊരുക്കിയ ക്രിസ്റ്റിനയ്ക്കും മാനേജ്‌മെന്റ് പ്രത്യേക നന്ദി രേഖപ്പെടുത്തി.
ഒരു പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിലെ വൈവിധ്യമാർന്ന സാംസ്കാരിക അന്തരീക്ഷത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മുക്ത എ2 സിനിമാസ്, എല്ലാ പ്രവാസി സമൂഹങ്ങൾക്കും തിയേറ്ററുകളിൽ സ്വന്തം വീടിന്റെ അന്തരീക്ഷം ഒരുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുന്നു.









