മനാമ: കുട്ടികളുടെ സർഗശേഷിയും കലാവാസനകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെ.എം.സി.സി ബഹ്‌റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സർഗോത്സവം 2026’ന് ആവേശകരമായ തുടക്കം. 2026 ഒക്ടോബർ 23നു വെള്ളിയാഴ്ച വൈകുന്നേരം 3.30ന് മനാമ കെ.എം.സി.സി ഹാളിലാണ് കലോത്സവത്തിന് തുടക്കമായത്.
നാല് ദിവസങ്ങളിലായി വിവിധ കലാമത്സരങ്ങളോടെ അരങ്ങേറുന്ന സർഗോത്സവത്തിന്റെ ആദ്യദിനത്തിൽ കുട്ടികൾക്കായി ഡ്രോയിംഗ്, കളറിംഗ്, കാലിഗ്രാഫി മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും അവരെ കലാരംഗത്ത് കൂടുതൽ പ്രോത്സാഹിപ്പിക്കാനും വേദിയൊരുക്കുന്നതാണ് പരിപാടിയുടെ ലക്ഷ്യം.
വരും ദിവസങ്ങളിൽ വൈവിധ്യമാർന്ന മറ്റു കലാമത്സരങ്ങളും അരങ്ങേറും. സർഗോത്സവത്തിന്റെ തുടർ മത്സരങ്ങൾ 2026 ഒക്ടോബർ 30, നവംബർ 5, 6 തീയതികളിൽ നടക്കുമെന്ന് കെഎംസിസി ബഹ്‌റൈൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മഹമൂദ് പെരിങ്ങത്തൂർ, ജനറൽ സെക്രട്ടറി ഇർഷാദ് തെന്നട എന്നിവർ പറഞ്ഞു.
കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനും പ്രവാസി സമൂഹത്തിൽ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്നതിനും സർഗോത്സവം വഴിയൊരുക്കുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ കണ്ണൂർ ജില്ലയിലെ വിവിധ കൂട്ടായ്മകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ ആവേശകരമായ വാശിയോടെ അരങ്ങേറും. കലാപ്രതിഭകളുടെ മികവും കൂട്ടായ്മകളുടെ ആവേശവും ഒത്തുചേരുന്ന സർഗോത്സവ വേദിയിൽ തീപാറുന്ന മത്സരങ്ങൾക്കാണ് ഇനി മത്സര വേദികൾ സാക്ഷ്യം വഹിക്കുക. ഒക്ടോബർ 30, നവംബർ 5, 6 തീയതികളിലാണ് തുടർ മത്സരങ്ങൾ നടക്കുക.









