മനാമ: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവരുടെ റെസിഡൻസ് പെർമിറ്റിന്റെ (വിസ) കാലാവധിയുമായി ബന്ധിപ്പിക്കുന്ന തരത്തിൽ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്താനുള്ള പാർലമെന്റ് നിർദ്ദേശം തള്ളണമെന്ന് ഷൂറ കൗൺസിലിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ആവശ്യപ്പെട്ടു. ഞായറാഴ്ച നടക്കുന്ന ഷൂറ കൗൺസിൽ യോഗത്തിൽ ഈ ഭേദഗതി ബിൽ വോട്ടിനിടാനിരിക്കെയാണ് കമ്മിറ്റിയുടെ നിർണ്ണായകമായ നിലപാട് പുറത്തുവന്നിരിക്കുന്നത്.
നിലവിലുള്ള ട്രാഫിക് നിയമങ്ങൾ അനുസരിച്ച് സാധുവായ വിസയില്ലാത്ത പ്രവാസികൾക്ക് പുതിയ ലൈസൻസ് എടുക്കാനോ പുതുക്കാനോ സാധിക്കില്ലെന്നിരിക്കെ പുതിയ ഭേദഗതി അനാവശ്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. നിലവിൽ അഞ്ച് വർഷത്തെ കാലാവധിയാണ് ലൈസൻസുകൾക്ക് നൽകുന്നത്. എന്നാൽ വിസ കാലാവധിയുമായി ലൈസൻസ് ബന്ധിപ്പിച്ചാൽ, ഒന്ന് അല്ലെങ്കിൽ രണ്ട് വർഷത്തെ വിസയിലുള്ള പ്രവാസികൾ ഇടയ്ക്കിടെ ലൈസൻസ് പുതുക്കേണ്ടി വരികയും, അധിക ഫീസും പേപ്പർവർക്കുകളും കാരണം ട്രാഫിക് ഓഫീസുകളിൽ വലിയ തിരക്ക് അനുഭവപ്പെടുകയും ചെയ്യും. ഇത് തൊഴിലുടമകൾക്കും പ്രവാസികൾക്കും വലിയ സാമ്പത്തിക-സമയ ബാധ്യത വരുത്തിവെക്കും.
മാത്രമല്ല, 10 വർഷത്തെ ഗോൾഡൻ വിസയുള്ള പ്രവാസികൾക്ക് ലൈസൻസ് നൽകുമ്പോൾ ബഹ്‌റൈൻ പൗരന്മാരേക്കാൾ ഉയർന്ന കാലാവധി ലഭിക്കുന്നത് ആശയക്കുഴപ്പത്തിന് വഴിവെക്കും. നിക്ഷേപകർ, വിദ്യാർത്ഥികൾ, ഗാർഹിക ഡ്രൈവർമാർ, കുടുംബത്തോടൊപ്പം കഴിയുന്നവർ എന്നിവരെയെല്ലാം ഇത് ദോഷകരമായി ബാധിക്കും. വ്യക്തികളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുന്നതും അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾക്ക് നിരക്കാത്തതുമാണ് ഈ നീക്കമെന്ന് ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസും റെസിഡൻസ് പെർമിറ്റും വ്യത്യസ്തമായ രണ്ട് നിയമപരമായ കാര്യങ്ങളാണെന്നും അവയെ കൂട്ടിയിണക്കുന്നത് പ്രായോഗികമല്ലെന്നും കമ്മിറ്റി വ്യക്തമാക്കി.









