മനാമ: അന്താരാഷ്ട്ര സുരക്ഷാ രംഗത്തെ പ്രമുഖ നയതന്ത്ര ഉച്ചകോടിയായ 22-ാമത് ഐ.ഐ.എസ്.എസ് മനാമ ഡയലോഗിന് രാജധാനിയിൽ പ്രൗഢോജ്ജ്വല തുടക്കം. ബഹ്‌റൈൻ കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉച്ചകോടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സായുധ സേനാ മേധാവികൾ, നയതന്ത്രജ്ഞർ, സുരക്ഷാ വിദഗ്ദ്ധർ എന്നിവരെ അദ്ദേഹം ബഹ്‌റൈനിലേക്ക് സ്വാഗതം ചെയ്തു.
ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഭരണനേതൃത്വത്തിൽ പ്രാദേശിക-അന്തർദേശീയ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി വ്യക്തമാക്കി. ആഗോള സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷയ്ക്കും നിർണ്ണായകമായ ഹോർമുസ് കടലിടുക്ക്, ബാബ് അൽ മന്ദബ് കടലിടുക്ക് തുടങ്ങിയ തന്ത്രപ്രധാനമായ അന്താരാഷ്ട്ര കപ്പൽപ്പാതകളുടെ സുരക്ഷയും സ്വതന്ത്ര നാവിക ഗതാഗതവും ഉറപ്പാക്കാൻ ആഗോളതലത്തിൽ കൂട്ടായ സഹകരണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ ഗ്രീസ് (ഹെല്ലനിക് റിപ്പബ്ലിക്) പ്രധാനമന്ത്രി ഹിസ് എക്സലൻസി കിരിയാക്കോസ് മിത്സോതാക്കിസ് ഓൺലൈനായി പങ്കെടുത്തു സംസാരിച്ചു. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര-സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും, കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ നാവിക അതിർത്തി സുരക്ഷയുടെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. വൻകിട ലോകശക്തികളുടെ പ്രതിനിധികളും അക്കാദമിക് വിദഗ്ധരും പങ്കെടുത്ത ഉച്ചകോടി വരും ദിവസങ്ങളിൽ ആഗോള കാലാവസ്ഥാ-സുരക്ഷാ പ്രതിസന്ധികളിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളും.









