മനാമ: ഫ്രഞ്ച് ഭാഷയുടെ സൗന്ദര്യവും സാംസ്കാരിക പ്രാധാന്യവും വിളിച്ചോതി ഇന്ത്യൻ സ്‌കൂളിൽ ‘ഫ്രഞ്ച് ദിനം’ വിപുലമായി ആഘോഷിച്ചു. ഒക്ടോബർ 28 ബുധനാഴ്ച ജഷൻമാൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ മത്സരങ്ങളിലൂടെയും കലാപരിപാടികളിലൂടെയും വിദ്യാർത്ഥികൾ തങ്ങളുടെ ഭാഷാപാടവവും സർഗ്ഗാത്മകതയും പ്രകടിപ്പിച്ചു.
ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ ഭദ്രദീപം തെളിയിച്ചു. വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തത്തെ അവർ അഭിനന്ദിച്ചു. ആശയവിനിമയത്തിലും ബൗദ്ധിക വളർച്ചയിലും ഭാഷകൾക്കുള്ള പങ്കിനെക്കുറിച്ച് പ്രിൻസിപ്പൽ ശാന്തകുമാർ ദസരി സംസാരിച്ചു. സീനിയർ വൈസ് പ്രിൻസിപ്പൽ റെജി വർഗീസ്, മിഡിൽ വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഹെഡ്മാസ്റ്റർമാരായ ശ്രീകല ആർ. നായർ, സലോണ പയസ്, സിനി ലാൽ എന്നിവർ സന്നിഹിതരായിരുന്നു.
ചടങ്ങിൽ സേനാപതി ഹരിഷ്കൃഷ്ണ, ചിത്ര സതീഷ് എന്നിവർ സ്വാഗതം ആശംസിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ ആംഗ്യപ്പാട്ട്, ഗ്രൂപ്പ് ഗാനങ്ങൾ, പ്രസംഗം, റോൾ-പ്ലേ, ഡിക്റ്റേഷൻ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി. പ്രസംഗ മത്സരത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി അരീന മൊഹന്തി ഒന്നാം സ്ഥാനം നേടി (മെർലിൻ സാറ, മീനാക്ഷി യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി). റോൾ പ്ലേയിൽ ശ്രീകീർത്തന, കാവ്യശ്രീ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ ഡിക്റ്റേഷൻ മത്സരങ്ങളിലും വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
ഫ്രഞ്ച് വകുപ്പ് അധ്യാപകരായ സേനാപതി ഹരികൃഷ്ണ, മധുമതി, ശ്യാം സുന്ദർ, ചിത്ര സതീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മധുമതി നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ വിജയത്തെ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ ശാന്തകുമാർ ദസരി, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ എന്നിവർ അഭിനന്ദിച്ചു.









