മനാമ: ബഹ്‌റൈനിലെ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിൽ വ്യാപകമായി കാണപ്പെടുന്ന അറബിക് അക്ഷരത്തെറ്റുകൾക്കും വികലമായ പദപ്രയോഗങ്ങൾക്കുമെതിരെ പാർലമെന്റ് അംഗം മുഹമ്മദ് അൽ ഒലൈവി രൂക്ഷ വിമർശനമുയർത്തി. അറബി ഭാഷ കൃത്യമായി എഴുതാനറിയാത്ത വിദേശ വ്യാപാരികളാണ് ഇത്തരം പിഴവുകൾക്ക് പിന്നിലെന്നും ഇത് രാജ്യത്തെ സൈനേജ് നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമപ്രകാരം ഏതൊരു വ്യാപാര സ്ഥാപനത്തിന്റെയും പേര് ആദ്യം ശരിയായ അറബി ഭാഷയിലും തുടർന്ന് ഇംഗ്ലീഷിലുമാണ് പ്രദർശിപ്പിക്കേണ്ടത്. എന്നാൽ നട്‌സും സുഗന്ധവ്യഞ്ജനങ്ങളും വിൽക്കുന്ന ഒരു കടയുടെ ബോർഡിൽ രണ്ട് അറബി വാക്കുകളും തെറ്റായി എഴുതിയത് ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം അബദ്ധങ്ങൾ “പരസ്യരംഗത്തെ അരാജകത്വമാണ്” സൃഷ്ടിക്കുന്നതെന്നും ഇവ എങ്ങനെ അധികൃതരുടെ കണ്ണിൽപ്പെടാതെ സ്ഥാപിക്കപ്പെട്ടു എന്നും അദ്ദേഹം ചോദിച്ചു.

50 ദീനാർ മൂലധനത്തിൽ വിദേശ കമ്പനികൾ; കർശന പരിശോധന വേണം
ബോർഡുകളിലെ അക്ഷരത്തെറ്റുകൾക്ക് പുറമെ, പൂർണ്ണമായും വിദേശ ഉടമസ്ഥതയിലുള്ള ബിസിനസ്സ് സ്ഥാപനങ്ങളുടെ നിയമങ്ങളെയും എം.പി ചോദ്യം ചെയ്തു. ബഹ്‌റൈനിലെ ആകെയുള്ള 90,000-ത്തിലധികം സജീവ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളിൽ (CR) 17,373 എണ്ണവും (ഏകദേശം 19%) പൂർണ്ണമായും വിദേശികളുടെ ഉടമസ്ഥതയിലുള്ളതാണ്.
വിദേശ ഉടമസ്ഥതയിലുള്ള ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾക്ക് നിലവിൽ നിശ്ചിത കുറഞ്ഞ മൂലധന പരിധി ഇല്ലാത്തത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് നടന്ന ഒരു പാർലമെന്ററി അന്വേഷണത്തിൽ 13 ഏഷ്യൻ പൗരന്മാർ ചേർന്ന് വെറും 50 ബഹ്‌റൈൻ ദീനാർ മൂലധനത്തിൽ ഒരു കമ്പനി രൂപീകരിച്ചതായി കണ്ടെത്തിയിരുന്നു. 50 ദീനാർ മൂലധനത്തിൽ 13 പേർ ചേർന്ന് കമ്പനി തുടങ്ങുന്നതിൽ എന്ത് യുക്തിയാണുള്ളതെന്നും, ഇത്തരം കമ്പനികൾ വഴി എത്ര വിസകളും വിദേശ തൊഴിലാളികളെയുമാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു.
വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളുടെ കുറഞ്ഞ മൂലധന പരിധി 100,000 ബഹ്‌റൈൻ ദീനാറായി ഉയർത്തണമെന്ന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും, വിദേശ സ്ഥാപനങ്ങളുടെ മൂലധനം മുതൽ കടകളുടെ ബോർഡുകൾ വരെ കർശനമായി പരിശോധിക്കണമെന്നും അൽ ഒലൈവി ആവശ്യപ്പെട്ടു.







