small icons
small icons

ബഹ്‌റൈന് നേരെയുള്ള ഇറാൻ ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം; പൂർണ്ണ ഉത്തരവാദിത്തം ഇറാനാണെന്ന് മുന്നറിയിപ്പ്; രാജ്യത്തിന്റെ സുരക്ഷ ‘റെഡ് ലൈൻ’ എന്ന് ബഹ്‌റൈൻ

mofa

മനാമ: ബഹ്‌റൈന് നേരെ ഇറാൻ വീണ്ടും നടത്തിയ ഡ്രോൺ ആക്രമണങ്ങളെ രാജ്യം ശക്തമായ ഭാഷയിൽ അപലപിച്ചു. ഇന്ന് (നവംബർ 15 ഞായറാഴ്ച) ബഹ്‌റൈന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ ബഹ്‌റൈൻ പ്രതിരോധ സേനയുടെ (BDF) വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നവംബർ 13 വെള്ളിയാഴ്ചയും രണ്ട് ഡ്രോണുകൾ പ്രതിരോധ സേന തകർത്തിരുന്നു. ഈ രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് പരസ്യമായി ഏറ്റെടുത്തിട്ടുണ്ട്.

ആക്രമണശ്രമങ്ങളെ ഫലപ്രദമായി ചെറുത്തുതോൽപ്പിച്ച ബഹ്‌റൈൻ പ്രതിരോധ സേനയുടെ ജാഗ്രതയെയും കാര്യക്ഷമതയെയും വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. ഏതൊരു കടന്നുകയറ്റത്തെയും പ്രതിരോധിക്കാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം

ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും മേലുള്ള കടന്നുകയറ്റമാണിത്. യു.എൻ രക്ഷാസമിതി പ്രമേയം 2817-ന്റെ ലംഘനമാണിതെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കും മേഖലയുടെ സമാധാനത്തിനും ഇത് ഭീഷണിയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ഐ.ആർ.ജി.സിയുടെ അടിസ്ഥാനരഹിതമായ വാദങ്ങളെ ബഹ്‌റൈൻ തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര കടലിടുക്കുകളിലൂടെയുള്ള കപ്പൽ-വ്യോമ ഗതാഗത സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമപ്രകാരം ഉറപ്പുനൽകിയിട്ടുള്ളതാണെന്നും അതിന്മേൽ ഒരു രാജ്യത്തിനും നിബന്ധനകൾ വെക്കാൻ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങളുടെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്നും ബഹ്‌റൈൻ മുന്നറിയിപ്പ് നൽകി.

സ്വയം പ്രതിരോധത്തിനുള്ള അവകാശവും ജി.സി.സി ഏകോപനവും

യു.എൻ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം ബഹ്‌റൈനുണ്ടെന്നും, ജി.സി.സി സംയുക്ത പ്രതിരോധ കരാർ പ്രകാരം സഖ്യകക്ഷികളുമായി ചേർന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. യു.എൻ രക്ഷാസമിതി അംഗമെന്ന നിലയിൽ, ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളെ അപലപിക്കാനും പ്രമേയം 2817 പൂർണ്ണമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കർശന നടപടി സ്വീകരിക്കണമെന്ന് ബഹ്‌റൈൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.

ബഹ്‌റൈന്റെ സുരക്ഷ ഒരു ‘റെഡ് ലൈൻ’ ആണെന്നും രാജ്യത്തിന്റെ പരമാധികാരത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!