മനാമ: പൊതുജനങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്റെ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി ദാറുല്‍ ഈമാന്‍ കേരള വിഭാഗം സംഘടിപ്പിക്കുന്ന ‘ബയാനേ ഖുര്‍ആന്‍’ പദ്ധതിക്ക് തുടക്കമായി. മുഹറഖ് ഏരിയ സംഘടിപ്പിച്ച പഠന വേദിക്ക് ബഹ്റൈന്‍ യൂണിവേഴ്സിറ്റി ലക്ച്ചററും ഹൂറ അബൂബക്ര്‍ മസ്ജിദ് ഇമാമുമായ ഡോ. ഖാലിദ് അബ്ദുറഹ്മാന്‍ അശ്ശുനു ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനും അതിന്റെ സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനും ദാറുല്‍ ഈമാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. സത്യവും ധര്‍മവും മനസ്സിലാക്കാനും ആ വഴിയിലൂടെ മുന്നോട്ട് പോകാനുമാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്. സമൂഹത്തില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ജീര്‍ണതകളെയും അധാര്‍മിക പ്രവണതകളെയും ചെറുക്കാനും മൂല്യവത്തായ ജീവിതം മുറുകെ പിടിക്കാനും ഖുര്‍ആനോടൊപ്പം സഞ്ചരിക്കേണ്ടതുണ്ട്.
മനുഷ്യര്‍ക്ക് മനസ്സിലാവുന്ന രൂപത്തില്‍ അത് എത്തിക്കുന്നതിനുള്ള ‘ബയാനേ ഖുര്‍ആന്‍’ പരിപാടി വിജയകരമായി തീരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മുഹറഖ് ഏരിയ പ്രസിഡന്‍റ് കെ.എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ‘ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം’ എന്ന വിഷയം യൂനുസ് സലീം അവതരിപ്പിച്ചു. ആദ്യ പാഠ്യ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ള സൂറത്ത് യാസീന്റെ മുഖവുര സഈദ് റമദാന്‍ നദ്വി നിര്‍വഹിച്ചു. മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഫുആദിെൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു. വി. അബ്ദുല്‍ ജലീല്‍ സ്വാഗതമാശംസിക്കുകയും ഏരിയ സെക്രട്ടറി റഷീദ് കുറ്റ്യാടി സമാപനം നിര്‍വഹിക്കുകയും ചെയ്തു.