പലിശ മാഫിയക്കെതിരെ ജാഗ്രത പാലിക്കുക: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍

മനാമ: പ്രവാസികളെ ആത്മഹത്യയിലേക്ക് നയിക്കുകയും ജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്യന്ന പലിശ മാഫിയകളില്‍ നിന്ന് സാധാരണക്കാരായ പ്രവാസികളെ രക്ഷിക്കാന്‍ പ്രവാസി സംഘടനകള്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ റിഫ ഏരിയ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. നാട്ടിലെ അത്യാവശ്യകാര്യങ്ങള്‍ക്കും മറ്റുമായി ചെറിയ തുക സുഹൃദ് വലയങ്ങളില്‍ നിന്ന് കിട്ടാതാവുമ്പോഴാണ് പലപ്പോഴും അവര്‍ക്ക് പലിശ മാഫിയക്കാരെ അഭയം പ്രാപിക്കേണ്ടി വരുന്നതും തുടര്‍ന്ന് ആത്മഹത്യയിലേക്ക് എത്തിച്ചേരുന്നതും. ചെറിയ തുക ആവശ്യമുള്ള തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പലിശ രഹിത വ്യവസ്ഥയില്‍ സഹായം നല്‍കുകയും മാസ തവണകളായി തിരിച്ചടക്കുകയും ചെയ്യുന്ന സംവിധാനം ഫ്രൻറ്സ് അസോസിയേഷന്‍ വര്‍ഷങ്ങളായി വിജയകരമായി നടപ്പിലാക്കി വരുന്ന കാര്യം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

പ്രവാസി സംഘടനകളും കൂട്ടായ്മകളും ഇത്തരം സംവിധാനം പരിമിതമായ അര്‍ഥത്തിലെങ്കിലും നടപ്പിലാക്കുകയാണെങ്കില്‍ ഒരു പരിധി വരെയെങ്കിലും പലിശ മാഫിയ സംഘങ്ങളില്‍ നിന്ന് ഏറെ പേരെ രക്ഷിക്കാന്‍ സാധിക്കും. പലിശക്കാരുടെ ചൂഷണത്തില്‍ പെടുന്ന ഇരകള്‍ക്ക് പിന്തുണയും സഹായവും നല്‍കുകയും പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന പലിശ വിരുദ്ധ സമിതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഏരിയാ തലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഏരിയ സെക്രട്ടേറിയറ്റ് അറിയിച്ചു