bahrainvartha-official-logo
Search
Close this search box.

സൈനികവിന്യാസം, നിരോധനാജ്ഞ, നേതാക്കളുടെ വീട്ടുതടങ്കല്‍; ഒടുവിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി രാഷ്ട്രപതി, സംസ്ഥാനം രണ്ടായി വിഭജിച്ചു ഉത്തരവിറങ്ങി

amit

ശ്രീനഗര്‍: ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന ഭീതിക്കും അനിശ്ചിതത്വത്തിനും ഒടുവിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി രാഷ്ട്രപതി ഉത്തരവിറക്കി. ഉത്തരവനുസരിച്ചു സംസ്ഥാനം ജമ്മു & കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടായി വിഭജിക്കും. ജമ്മു കശ്മീർ എന്ന സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായാണ് മാറ്റുന്നത്. ജമ്മു & കശ്മീർ എന്ന കേന്ദ്രഭരണ പ്രദേശത്തിന് നിയമസഭ ഉണ്ടാകും. ലഡാക്കിനെ നിയമസഭയില്ലാത്ത, പ്രത്യേക ഭരണകൂടത്തിന്‍റെ കീഴിലുള്ള കേന്ദ്ര ഭരണപ്രദേശമായി മാറ്റും.

അമര്‍നാഥ് യാത്ര റദ്ദാക്കാനുള്ള നിര്‍ദ്ദേശത്തിനും വന്‍ സൈനികവിന്യാസത്തിനും പിന്നാലെ നിരോധനാജ്ഞയും നിലവില്‍ വന്നതോടെ കഴിഞ്ഞ ദിവസം മുതൽ ആകെ പരിഭ്രാന്തിയിലായിരുന്നു ജമ്മു കശ്മീരിലെ ജനങ്ങള്‍. പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാകുക കൂടി ചെയ്തതോടെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ ഭയചകിതരായിരിക്കുകയായിരുന്നു ജനങ്ങളെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിചത്. മുൻ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയുമാണ് വീട്ടുതടങ്കലിലാക്കിയത്. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണിനെയും സിപിഎം നേതാവ് യൂസുഫ് തരിഗാമിയും വീട്ടു തടങ്കലിൽ ആക്കിയതും ഇന്നലെ രാത്രി മുതൽ ചർച്ചാ വിഷയമായിരുന്നു.

ഇതേ തുടർന്ന് ഇന്ന് രാവിലെ തന്നെ രാജ്യസഭയിലും ലോക്സഭയിലും കോൺഗ്രസും സിപിഎമ്മും കശ്മീർ വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. വീട്ടു തടങ്കലിലാക്കപ്പെട്ട നേതാക്കൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ പി ചിദംബരവും, ശശി തരൂരും, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. ജമ്മുകശ്മീരിൽ ഉണ്ടായിട്ടുള്ള അസാധാരണ സാഹചര്യം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അടിയന്തരപ്രമേയത്തിന് എൻ കെ പ്രേമചന്ദ്രൻ എംപി നോട്ടീസ് നൽകി. കശ്മീർ ജനതയുടെ മനസ്സിലുണ്ടായിരുന്ന ആശങ്കയും ഭീതിയും ദൂരീകരിക്കേണ്ടതാണ് എന്നും നോട്ടീസിൽ പറയുന്നു.

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സംവരണബില്ലിന് പുറമേ വേറെ ചില ഭേദഗതികളും കൊണ്ടുവരാനുണ്ടെന്ന് സ്പീക്കർ കൂടിയായ ഉപരാഷ്ട്രപതി പ്രഖ്യാപിച്ചതോടെ രാജ്യസഭയിൽ ബഹളം ആരംഭിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ കാശ്മീരുമായി ബന്ധപ്പെട്ട മുഴുവൻ ചോദ്യങ്ങൾക്കും മറുപടി നൽകാമെന്ന് പ്രഖ്യാപിച്ച് ജമ്മുകശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂർണമായും എടുത്ത് കളയാനുള്ള ബില്ല് അവതരണത്തിലേക്ക് കടക്കുകയായിരുന്നു. ശേഷമാണ് ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സാമ്പത്തിക സംവരണ ബില്ലിന് പുറമേ മൂന്ന് ബില്ലുകൾക്ക് കൂടി അനുമതി നൽകിയത്. ശേഷം രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിചു ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കുകയായിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370 അനുച്ഛേദത്തിനോട് ചേർത്ത് നിയമസഭയ്ക്ക് പ്രത്യേക അധികാരം നൽകുന്ന 35 എ കൊണ്ടുവന്നത് 1954-ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമായിരുന്നു. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചു തന്നെ ഇതും എടുത്തു കളയുകയുണ്ടായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!