മനാമ: പ്രവാസി സമൂഹത്തിനിടയില്‍ വര്‍ധിച്ചു വരുന്ന വരുന്ന ഹൃദയാഘാത മരണങ്ങള്‍, ആത്മഹത്യ, കൗമാരക്കാര്‍ അനുഭവിക്കുന്ന വിവിധ തരം പ്രശ്നങ്ങള്‍, കുടുംബ ശൈഥില്യങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ വ്യക്തമാക്കി. ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ ‘സന്തുഷ്ട കുടുംബം, സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ ആഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ്. പ്രവാസി മലയാളികളായ നിരവധി പേര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത് തങ്ങളുടെ ആരോഗ്യ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്തതും മാനസിക സമ്മര്‍ദങ്ങളുടെ ഫലമാണെന്നുമാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. നാട്ടിലെയും ഇവിടുത്തെയും കുടുംബ പ്രശ്നങ്ങള്‍, തൊഴില്‍ പ്രയാസങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, മക്കളുമായും ജീവിത പങ്കാളിയുമായും ബന്ധപ്പെട്ടിട്ടുള്ള അസ്വാരസ്യങ്ങള്‍, പലിശക്കെണി, അനിയന്ത്രിതമായ കടം തുടങ്ങിയവയാണ് ഇതിന് പ്രധാന ഘടകങ്ങള്‍. ഓരോരുത്തരും അനുഭവിക്കുന്ന പ്രയാസങ്ങളും മാനസിക പിരിമുറുക്കങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കപ്പെടാത്തതാണ് പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നത്. ഈയൊരു പ്രത്യേക പശ്ചാത്തലത്തിലാണ് വിവിധ തലങ്ങളിലുള്ള ബോധവല്‍ക്കരണ പരിപാടികളുമായി പ്രവാസി സമൂഹത്തിലേക്ക് ഫ്രൻറ്സ് അസോസിയേഷന്‍ ഇറങ്ങിച്ചെല്ലാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി എം. ബദ്റുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.