മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ കെഎംസിസി ആസ്ഥാനത്തു വെച്ച് നടന്ന ഈദ് സ്നേഹ സംഗമത്തിൽ പ്രളയം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടിയും നമ്മുടെ മാമല നാടിനെ അഗാധ ഗർത്തത്തിലേക്ക് തള്ളിവിട്ട പേമാരിയിൽ നിന്നും ശമനം നൽകുവാനും പ്രത്യേകം പ്രാർത്ഥന നടത്തി.
ത്യാഗ നിർഭരമായ സമർപ്പണത്തിന്റെ ഓർമ്മയുമായി പരിശുദ്ധവും പരിപാവനവുമായ ബലിപെരുന്നാളിന്റെ ഈ സുന്നര സുദിനത്തിൽ അവശത അനുഭവിക്കുന്ന, ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞു കൂടുന്നവർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.
അതോടൊപ്പം നമ്മുടെ ഈ പെരുന്നാൾ ആഘോഷം പ്രളയക്കെടുത്തി മൂലം ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാർക്ക് വേണ്ടി സഹായ സഹകരണങ്ങൾ ചെയ്യുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമാവണമെന്നു പ്രാസംഗികർ ഓർമ്മിപ്പിച്ചു.
ജില്ലാ ആക്ടിങ് പ്രസിഡണ്ട് അബൂബക്കർ ഹാജി അധ്യക്ഷം വഹിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് ടി പി മുഹമ്മദലി സംഗമം ഉത്ഘാടനം ചെയ്തു. അൻസാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. കുട്ടൂസ മുണ്ടേരി, മുസ്തഫ കെ പി, സിദീഖ് പി വി, അസ്‌ലം വടകര, സൂപ്പി ജീലാനി എന്നിവർ ആശംസ നേർന്നു. ഫൈസൽ കണ്ടിത്താഴ സ്വാഗതവും, ഓ കെ കാസ്സിം നന്ദിയും പറഞ്ഞു.