ബഹ്റൈൻ കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് പി.പി.എം കുനിങ്ങാട് നിര്യാതനായി: മയ്യിത്ത് നിസ്കാരവും പ്രാർഥനാ സദസ്സും ഇന്ന്‌(വ്യാഴം)

മനാമ: ബഹ്റൈൻ കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡന്റും, രാഷ്ട്രീയ- സാംസ്കാരികരംഗത്തെ നിറസാന്നിധ്യവുമായിരുന്ന, പി.പി.എം. കുനിങ്ങാട് ഇന്ന് നാട്ടിൽ വെച്ച് നിര്യാതനായി.

പി. പി. മുഹമ്മദ് കുനിങ്ങാടിന്റെ ദേഹവിയോഗത്തോടെ ബഹ്റൈൻ കെ.എം.സി.സി. ക്ക് നഷ്ടയമായത് പിതാവിന് സമാനമായ സാന്നിദ്ധ്യമാണെന്ന് ബഹ്റൈൻ കെ എം സി സി അനുശോചനക്കുറിപ്പിൽ അറിയിച്ചു. “ചന്ദ്രിക റീഡേഴ്സ് ഫോറം എന്ന ആദ്യ കാല മുസ്ലീം ലീഗ് കൂട്ടായ്മ ബഹ്റൈനിലെ പ്രവാസ ലോകത്ത് സംഘടിപ്പിക്കുന്നതിലും അതിന് നേതൃത്വം നൽകി പരിപോഷിപ്പിച്ച് ഇന്ന് പ്രവർത്തന രംഗത്തുള്ള കെ.എം.സി.സി. എന്ന രൂപാന്തരത്തിനും പി. പി. എം. കുനിങ്ങാടു നൽകിയ നേതൃപാടവം മഹത്തരമായിരുന്നു. ടെലഫോൺ പോലും അന്യമായിരുന്ന കാലഘട്ടത്തിൽ ബന്ധപ്പെടാൻ ഇന്നത്തെ രീതിയിലുള്ള ആധുനിക സംവിധാനങ്ങൾ ഇല്ലാത്ത അന്തരീക്ഷം യാത്ര ചെയ്യാൻ പോലും സൈക്കിളിനെയും ബസ്സുകളെയും ആശ്രയിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ‘ലീഗ് രാഷ്ട്രീയത്തെ നെഞ്ചിലേറ്റിയ പി. പി. എം. കുനിങ്ങാട് എന്ന വ്യക്തിത്വം ബഹ്റൈനിലാകമാനം കെ.എം.സി.സി. എന്ന പ്രസ്ഥാനത്തെ അടയാളപ്പെടുത്തിയത്. ഈസാ ടൗൺ കെ.എം.സി.സി. യുടെ പ്രസിഡൻറ് പദവിയിൽ നിന്നു തുടങ്ങി ബഹ്റൈൻ കെ.എം.സി.സി. യുടെ നായകസ്ഥാനത്ത് അവരോധിതനാവാൻ സാധിച്ചത് അദ്ദേഹത്തിന്റെ അർപ്പണബോധമായിരുന്നു.

അഭിപ്രായ വിത്യാസങ്ങളും തർക്കവിതർക്കങ്ങളും രൂപപ്പെടുമ്പോൾ ബഹ്റൈൻ പ്രവാസികൾ അശ്രയിച്ചിരുന്ന സമന്വയവാദി കൂടി ആയിരുന്നു പി. പി. എം. കുനിങ്ങാട്. അനുരജ്ഞനത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുമ്പോൾ പ്രശ്ന പരിഹാരം രൂപം കൊള്ളുന്ന ശൈലിക്ക് ഒരു ആശയപരിജ്ഞാനം കുനിങ്ങാടിന്റെ മാത്രം പ്രത്യേകത ആയിരുന്നു.
മുസ്ലീം ലീഗിന്റെ മണ്മറഞ്ഞതും ജീവിച്ചിരിക്കുന്നവരുമായ തലമുതിർന്ന നേതാക്കളുമായി വ്യക്തി ബന്ധമുള്ള അപൂർവ്വം നേതാക്കളിൽ പ്രഗൽഭനായിരുന്നു കുനിങ്ങാട്.
പ്രവാസ ജീവിതം മാറ്റി വെച്ച് നാട്ടിൽ വിശ്രമജീവിതം നയിക്കുമ്പോഴും നാട്ടിലും സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിദ്ധ്യം കർമ്മം കൊണ്ട് അയാളപ്പെടുത്തുകയായിരുന്നു പി. പി.എം. കുനിങ്ങാട്. ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു ഇപ്പോൾ.
രാഷ്ട്രീയ സേവനത്തെയും സാമൂഹിക പ്രതിബദ്ധതയെയും സമന്വയിപ്പിച്ച് പ്രവർത്തിക്കുന്ന കെ.എം.സി.സി.ക്ക് ഇത്തരുണത്തിലുള്ള നയം രൂപീകരിക്കപ്പെട്ടതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. അതുകൊണ്ട് തന്നെ ഏവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വത്തിന് ഉടമയാവാൻ അദ്ദേഹത്തിന് സാധിച്ചു . കെ.എം.സി.സി. ക്ക് നഷ്ടപ്പെട്ടത് എന്നും ഓർക്കപ്പെടുന്ന അതിന്റെ പിതൃതുല്യനായ ഏറ്റവും വലിയ നേതാക്കളിൽ ഒരാളെയാണ്. സംഘടന എല്ലാ ആദരവുകളോടെയും അനുശോചനം രേഖപ്പെടുത്തുകയാണ് . ദുഖാർത്ഥരായ കുടുബതൊടൊപ്പം പങ്കുചേരുകയും ചെയ്യുന്നു.” അനുശോചനക്കുറിപ്പിൽ പറയുന്നു.

പി . പി. എം. കുനിങ്ങാടിന് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും പ്രാർഥനാ സദസ്സും ഇന്ന് (വ്യാഴം) രാത്രി ക്രത്യം 8:30ന് മനാമ കെ. എം. സി. സി. ഓഫീസിൽ വെച്ച് നടക്കുന്നതായിരിക്കുമെന്നു കെ.എം.സി.സി. ബഹ്‌റൈൻ ഭാരവാഹികൾ അറിയിച്ചു.

കുനിങ്ങാടിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ കെ.എം.സി.സി. കോഴിക്കോട്, കണ്ണൂർ ജില്ലാ കമ്മിറ്റികളും കുറ്റ്യാടി മണ്ഡലം കമ്മിറ്റിയും, അദ്ദേഹം സ്ഥാപക അദ്ധ്യക്ഷനായിരുന്ന ജിദാലി ഏരിയ കമ്മിറ്റിയും അനുശോചനം അറിയിച്ചു.