1.20 ഏക്കർ ഭൂമി 25 പേർക്ക് സൗജന്യമായി നൽകും: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കാരുണ്യത്തിന്റെ ചിറക് വിരിച്ച് ബഹ്റൈൻ പ്രവാസി ബഷീർ വാണിയക്കാട്

മനാമ: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കാരുണ്യത്തിന്റെ ചിറക് വിരിച്ച് ബഹറൈൻ പ്രവാസി ബഷീർ വാണിയക്കാട്. എറണാകുളം പറവൂർ സ്വദേശിയായ ബഷീർ, തൃശൂർ വരന്തരപ്പിള്ളിയിലെ തന്റെ 1.20 ഏക്കർ വരുന്ന സ്ഥലമാണ് മഴക്കെടുതിയും പ്രളയവും മൂലം കിടപ്പാടം നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സൗജന്യമായി നൽകുന്നത്. തനിക്ക് ദൈവം കനിഞ്ഞു നൽകിയ സമ്പത്തിൽ നിന്ന് ജഗദീശ്വരന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചാണ് തന്റെ പ്രവർത്തിയെന്ന് അദ്ദേഹം പറയുമ്പോൾ നിസ്വാർഥമായ സഹജീവി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി മാറുകയായിരുന്നു.

“നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കു”മെന്ന നബി വചനമാണ് തന്റെ  സൽ പ്രവർത്തികൾക്ക് പ്രചോദനമെന്ന് തികഞ്ഞ ദൈവ വിശ്വാസിയായ ബഷീർ വാണിയക്കാട് പറയുന്നു. വയനാട്ടിലെയും, നിലമ്പൂരിലെയും പ്രളയ ബാധിതരുടെ കരളലിയിക്കുന്ന ദൃശ്യങ്ങൾ തന്റെ ഉറക്കം കെടുത്തിയതായി ബഷീർ പറഞ്ഞു. ഉടനെ നാട്ടിലുള്ള വിശ്വസിക്കാവുന്ന ഒരു ഏജൻസിയെ വിളിച്ച് ഒരു സംഖ്യ ഓഫർ ചെയ്തു.

സർക്കാറിന്റെ സഹായം ലഭിക്കാൻ അവർക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന ആലോചനയിലാണ് തന്റെ പേരിലുള്ള ഭൂമി 25 പേർക്ക് നൽകാൻ തീരുമാനിച്ചത്. അത് അദ്ദേഹം FB യിൽ പോസ്റ്റ് ചെയ്തതോടെ ആയിരക്കണക്കിന് ആളുകൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമായിരുന്നു. അഭിനന്ദനങ്ങളും ആശിർവാദങ്ങളുമായി എത്തിയവർക്ക് മുന്നിൽ പ്രാർത്ഥനകൾ മാത്രമായിരുന്നു അവരോട് തിരിച്ച് ആവശ്യപ്പെട്ടത്. ചാനലുകളിൽ നിന്നും പത്രങ്ങളിൽ നിന്നും അന്വഷണങ്ങൾ വന്നിരുന്നതായി ബഷീർ ബഹ്റൈൻ വാർത്തയോട് പറഞ്ഞു. അതെതുടർന്ന് ധാരാളം ആളുകൾ ഇത്തരം കാരുണ്യ പ്രവർത്തിയുമായി രംഗത്ത് വന്നത് ഏറെ സന്തോഷമുളവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിയുണ്ടെങ്കിൽ അവർക്ക് വീട് നിർമിച്ച് നൽകാൻ സർക്കാറും സന്നദ്ധ സംഘടനകളും തയാറാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

36വർഷമായി ബഹ്റൈനിലുള്ള ബഷീർ 30 വർഷമായി ‘ഹൂറ’ യിൽ ‘അൽ നുസ്ഹ റെസ്റ്റോറന്റ്’ എന്ന സ്ഥാപനം നടത്തി വരികയാണ്. റെഡിമെയ്ഡ്, സൂപ്പർ മാർക്കറ്റ് തുടങ്ങി എട്ടോളം സ്ഥാപനങ്ങൾ ഉണ്ടായിരുന്ന അദ്ദേഹം, പത്ത് വർഷം മുൻപ് ഫാമിലി നാട്ടിൽ സെറ്റിലായതോടെ ഓരോന്നായി കൊടുത്ത് ഒഴിവാക്കുകയായിരുന്നു. നാല് മക്കളാണ്. ബഹറൈനിലെ BAS ൽ AME പൂർത്തിയാക്കിയ മൂത്ത മകൻ കുവൈത്ത് എയർവെയ്സിൽ എഞ്ചിനീയറാണ്. ഒരു മകൾ ദന്തഡോക്ടറും മറ്റൊരു മകൾ ഐ.ടി എഞ്ചിനിയറുമാണ്. ഇളയ മകൻ ഡിഗ്രി ഫൈനൽ ഇയറിനു പഠിക്കുന്നു. മരുമക്കൾ രണ്ടു പേരും ബിസിനസ്സ്കാരാണ്.

എഴുത്തുകാരൻ കൂടിയായ ബഷീറിന്റെ അൻപതോളം രചനകൾ വിവിധ പ്രസിദ്ധീകരണങ്ങളിലും “ബഹറൈൻ വാർത്ത” അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളിലും വെളിച്ചം കണ്ടിട്ടുണ്ട്.