ദുബായ്: സംശയകരമായ സാഹചര്യത്തിൽ ഡ്രോൺ പറന്നതിനെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം അൽപസമയം അടച്ചിട്ടു. വിമാനത്താവളത്തിനു സമീപത്തിലൂടെ ഞായർ ഉച്ചയ്ക്ക് 12.36നും 12.51നും ഇടയ്ക്കാണ് ഡ്രോൺ പറന്നത്. ഇതേത്തുടർന്ന് രണ്ടു എമിറേറ്റ്സ് വിമാനങ്ങൾ തിരിച്ചുവിടുകയും വിമാനത്താവളം അൽപസമയം അടച്ചിടുകയും ചെയ്തു. വിമാനത്താവളത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് ദുബായ് വിമാനത്താവള വക്താവ് പറഞ്ഞു. ഡൽഹിയിൽ നിന്നെത്തിയ ഇകെ 511 വിമാനവും സിംഗപ്പൂർ വഴിയെത്തിയ ഇകെ 433 വിമാനവുമാണ് തിരിച്ചുവിട്ടത്. വിമാനത്താവളത്തിന്റെ പ്രവർത്തനം അല്പസമയത്തിനുശേഷം പുനഃരാരംഭിക്കുകയും വിമാനങ്ങൾ തിരികെയെത്തുകയും ചെയ്തു.