ദുബായ്: ദുബായിലെ സ്വദേശിവത്കരണ പദ്ധതിക്ക് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തൊഴില്‍ ലഭ്യമാക്കുകയെന്നതാണ് സ്വദേശിവത്കരണ പദ്ധതിയുടെ ലക്ഷ്യമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് സ്വദേശിവത്കരണ നടപടികള്‍ നടപ്പാക്കുന്നത്. സ്വദേശിവത്കരണ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വദേശിവത്കരണ ശ്രമങ്ങള്‍ നേരിടുന്ന വെല്ലുവിളികളും തടസങ്ങളും അടുത്ത ഘട്ടത്തില്‍ പരിശോധിക്കുകയും അവ പരിഹരിക്കാൻ ശ്രമിക്കുമെന്നും ശൈഖ് ഹംദാന്‍ വ്യക്തമാക്കി. ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോരിറ്റി, മാനവവിഭവശേഷി വകുപ്പ്, വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് ഇപ്പോള്‍ സ്വദേശിവത്കരണ ശ്രമങ്ങള്‍ നടക്കുന്നത്.