20 ലക്ഷം ആളുകൾ പുതുവർഷം ആഘോഷിച്ച ദുബൈ നഗരത്തിൽ നഗരസഭയുടെ ശുചീകരണ വിഭാഗം ജീവനക്കാർ നീക്കം ചെയ്തത് 87 ടൺ മാലിന്യം. സന്തോഷ സുസ്ഥിര നഗരം സാധ്യമാക്കുക എന്ന നഗരസഭ പദ്ധതിയുടെ ഭാഗമായി റെക്കോര്‍ഡ് സമയം കൊണ്ടാണ് മാലിന്യങ്ങൾ നീക്കി നഗരം സുന്ദരമാക്കിയത്. ബുർജ് ഖലീഫ, ബിസിനസ് ബേ, ജുമേറ ബീച്ച്, ദുബൈ മറീന, ബുർജുൽ അറബ്, ശൈഖ് സായിദ് റോഡ്, ഡൗൺ ടൗൺ, ദുബൈ വാട്ടർ കനാൽ എന്നിങ്ങനെ പുതുവർഷ ആഘോഷ പരിപാടികൾക്ക് കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്ന സ്ഥലങ്ങളെ മുൻനിർത്തി അവിടെ നിന്ന് മാലിന്യം ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും നഗരസഭ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നു.
രണ്ടായിരത്തോളം ജീവനക്കാരാണ് ഇതിനായി ജോലി ചെയ്തത്. 30 സൂപ്പർവൈസർമാരും ഇവിടെ മേൽനോട്ടം വഹിച്ചു. കൂടുതൽ ആളുകൾ എത്തുന്നതിനാൽ കൂടുതൽ മാലിന്യങ്ങളുണ്ടാവുമെന്ന കാരണത്താൽ വ്യത്യസ്ത വലിപ്പത്തിലുള്ള 200 ചവറുവീപ്പകളും സ്ഥാപിച്ചു. റോഡുകൾ വൃത്തിയാക്കുന്നതിന് കൂടുതൽ വാഹനങ്ങളും ഉപകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.
ശുചീകരണ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ 736 വളണ്ടിയർമാരും എത്തിയിരുന്നു. ആഘോഷങ്ങൾ കഴിഞ്ഞ് ആളുകൾ മടങ്ങിയതോടെ ശുചീകരണം ഊർജിതപ്പെടുത്തിയ ജീവനക്കാർ രാവിലെ എട്ടുമണിയോടെ നഗരം പൂർണ വൃത്തിയിലാക്കിയെന്ന് ശുചിത്വ മാനേജ്മെൻറ് വിഭാഗം ഡയറക്ടർ അബ്ദുൽ മജീദ് സൈഫാഇ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാൻ 40 ഓഫീസർമാരും 500 ശുചിത്വ തൊഴിലാളികളും ഉൾപ്പെടുന്ന സാന്‍റ് ടീമിനെ സജ്ജമാക്കി നിർത്തിയിരുന്നു.