മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച് മുഹമ്മദ് കോയയുടെ 36 ആം ചരമ ദിനത്തിൽ മനാമ കെഎംസിസി ആസ്ഥാനത്തു വെച്ച് അനുസ്മരണ സമ്മേളനം നടത്തി. മതേതര ഇന്ത്യയുടെ, ജനലക്ഷ ഹൃദയങ്ങളിൽ ജീവിച്ച നേതാവായിരുന്നു സി എച് മുഹമ്മദ് കോയയെന്നു ബഹ്റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി അനുസ്മരിച്ചു. മതേതര ഇന്ത്യക്കു മുസ്ലിം ലീഗ് സംഭാവന ചെയ്ത ധിഷണ ശാലിയായിരുന്നു സി എച് എന്നും അദ്ദേഹം ഉദാഹരണ സഹിതം വിവരിച്ചു. കോഴിക്കോട് പത്ര പ്രവർത്തക രംഗത്തു പ്രവർത്തിക്കുമ്പോൾ സി ഏച്ചുമായുള്ള അടുപ്പം അദ്ദേഹം അനുസ്മരിച്ചു.
ബഹ്‌റൈൻ കെഎംസിസി പ്രസിഡണ്ട് എസ് വി ജലീൽ സമ്മേളനം ഉൽഘാടനം ചെയ്തു. സി എച് കാണിച്ചു തന്ന അക്ഷര വെളിച്ചത്തിന്റെ പ്രഭ ഇന്ന് നമ്മുടെ സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്ന് നമ്മുടെ തലമുറ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന് നിദാനം സി എച്ചിന്റെ കർമ്മ നിരതമായ പ്രവർത്തന സാഫല്യമാണെന്നു എസ് വി ഉണർത്തി. സി എച് നമുക്ക് മുമ്പിൽ കാണിച്ചു തന്ന പാതയിലൂടെ മുന്നോട്ട് പോകാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ പി ഫൈസൽ അധ്യക്ഷനായിരുന്നു. കെഎംസിസി ഹാൾ തിങ്ങി നിറഞ്ഞ അനുസ്മരണ സമ്മേളനത്തിൽ കെഎംസിസി സംസ്ഥാന സെക്രട്ടറി അസൈനാർ, പ്രമുഖ പത്ര പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കൂടിയായ സോമൻ ബേബി, പത്ര പ്രവർത്തകനായ പി ഉണ്ണികൃഷ്ണൻ, മീഡിയ വൺ ബഹ്‌റൈൻ പ്രതിനിധി സിറാജ് പള്ളിക്കര, കെഎംസിസി നേതാക്കളായ ടി പി മുഹമ്മദലി, ബഷീർ പുല്ലാറോട്ട്, സാമൂഹിക പ്രവർത്തകൻ ചന്ദ്രൻ തിക്കോടി എന്നിവർ പ്രസംഗിച്ചു.
നർമ്മ ഭാഷിണിയായ സി എച്ചിന്റെ പ്രസംഗ ഭാഗങ്ങളിൽ സ്പർശിച്ചു കൊണ്ടുള്ള ഉണ്ണികൃഷ്ണന്റെ പ്രസംഗം ഒരു രാഷ്ട്രീയക്കാരനായ സി എച്ചിന്റെ തിരക്കുള്ള ജീവിതത്തിനിടയിലും അദ്ദേഹം തന്റെ കുടുംബ കാര്യവും ശ്രദ്ധിച്ച ഒരു നല്ല രക്ഷിതാവ് കൂടിയായിരുന്നു എന്നത് വിവരിച്ചപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു. അക്ഷരങ്ങളെ അഗ്നിയാക്കി വിദ്യാഭ്യാസ വിപ്ലവം നടത്തിയ സി എച് സമൂഹത്തിന്റെ നവോത്ഥാനത്തിന് വേണ്ടി നില കൊണ്ട മഹാനായിരുന്നുവെന്നു സിറാജ് പള്ളിക്കര അനുസ്മരിച്ചു.
ഷിഫാ അൽ ജസിറമെഡിക്കൽ സെന്റർ കെഎംസിസി കുടുംബങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് സലീക് വില്ല്യാപ്പള്ളിക്ക് നൽകി കെഎംസിസി മുൻ സംസ്ഥാന പ്രസിഡണ്ട് സി കെ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, സിദീഖ് കണ്ണൂർ, കെ പി മുസ്തഫ എന്നിവർ സന്നിഹിതരായിരുന്നു.
ജില്ലാ ഭാരവാഹികൾ അബൂബക്കർ ഹാജി, സൂപ്പി ജീലാനി, മൻസൂർ പി വി, ശരീഫ് കോറോത്, അഷ്‌റഫ് നരിക്കോടൻ എന്നിവർ നേതൃത്വം നൽകി. ഫൈസൽ കണ്ടിത്താഴ, സ്വാഗതവും, ഒ കെ കാസ്സിം നന്ദിയും പറഞ്ഞു.