ദുബായിൽ ജൈറ്റക്‌സ് സാങ്കേതിക വാരാഘോഷത്തിന് തുടക്കമായി

ദുബായ്: പുത്തൻ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും സമ്മേളിക്കുന്ന ജൈറ്റക്‌സ് സാങ്കേതിക വാരാഘോഷത്തിന് ദുബായ് ട്രേഡ് സെന്‍ററില്‍ തുടക്കമായി. മേളയുടെ ഈ വർഷത്തെ പ്രമേയം മനസ്സിന്റെയും സാങ്കേതിക സമ്പ‌ദ്‌വ്യവസ്ഥയുടെയും സംയോജനം എന്നതാണ്. നൂറോളം രാജ്യങ്ങളില്‍ നിന്നായി 4500 കമ്പനികള്‍ മേളയിൽ പങ്കെടുക്കുന്നുണ്ട്‌. അതിവേഗ സെല്ലുലാർ നെറ്റ്‌വർക്ക് സാങ്കേതിക വിദ്യയായ 5-ജിയാണ് ഇത്തവണത്തെ ഏറ്റവും വലിയ ആകർഷണം. നിർമിതബുദ്ധി, റോബോട്ടിക്‌സ് തുടങ്ങിയ മേഖലയിലെ പ്രശസ്ത സംരംഭകർക്ക് പുറമെ, പുത്തൻ സ്റ്റാർട്ടപ്പുകളുടെ ശില്പികളും മേളയിൽ അണിനിരക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ഐടി രംഗത്തെ പ്രമുഖരായ 15 കമ്പനികളെ ഒരു കുടക്കീഴിൽ അണിനിരത്തിയുള്ള പവിലിയനും സ്റ്റാർട്ടപ്പ് രംഗത്തെ 18 കമ്പനികളെ പരിചയപ്പെടുത്തുന്ന പവിലിയനും ഒരുക്കുന്നുണ്ട്. ഐടി രംഗത്തുള്ളവരുമായി നേരിട്ടു പരിചയപ്പെടാനും കൂടുതൽ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും സ്റ്റ‌ാളുകൾ സഹായിക്കും. ഈ മാസം 10 വരെയാണ് മേളയുടെ പ്രദർശനം.