മനാമ: ബഹ്റൈന്റെ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള തങ്ങളുടെ താത്കാലിക സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ നീട്ടുന്നതായി അറിയിച്ചു. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ദമ്മാമില്‍ നിന്ന് ലണ്ടന്‍ ഹീത്രൂവിലേക്കുള്ള വിമാനങ്ങള്‍ ഏപ്രില്‍ 11 വരെ തുടരും.
കൂടാതെ മുംബൈ, നെയ്റോബി, കെയ്റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലങ്ക, മനില എന്നീ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഏപ്രില്‍ 30 വരെയും തുടരുന്നതാണ്. മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബഹ്റൈന്റെയും മറ്റ് ചില രാജ്യങ്ങളുടെയും വ്യോമപാതകള്‍ താത്കാലികമായി അടച്ച പശ്ചാത്തലത്തിലാണ് ദമ്മാം കേന്ദ്രീകരിച്ച് 10 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് നടത്തുന്നത്.
ഈ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ക്കായി ബഹ്റൈനും കിംഗ് ഫഹദ് വിമാനത്താവളത്തിനുമിടയില്‍ ഗള്‍ഫ് എയര്‍ സൗജന്യ റോഡ് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് എയര്‍ ഒരുക്കുന്ന വാഹനങ്ങളില്‍ ബഹ്റൈനിലേക്ക് പോകുന്നവര്‍ക്കും അവിടെ നിന്ന് വരുന്നവര്‍ക്കും മാത്രമായി സൗദി അറേബ്യയുടെ ട്രാന്‍സിറ്റ് വിസ ലഭിക്കുന്നതിന് എയര്‍ലൈന്‍ സഹായം നല്‍കും. എന്നാല്‍ സൗദി അറേബ്യ തന്നെയാണ് തങ്ങളുടെ അന്തിമ ലക്ഷ്യസ്ഥാനമെങ്കില്‍ യാത്രക്കാര്‍ സ്വന്തം നിലയില്‍ സാധുവായ വിസ കൈവശം വെച്ചിരിക്കണം.
യാത്രക്കാര്‍ക്ക് ഗള്‍ഫ് എയറിന്റെ വെബ്സൈറ്റ് (gulfair.com), മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.









