മനാമ: രാജ്യത്തെ ലക്ഷ്യമിടുന്ന തീവ്രവാദ സംഘടനകളുമായും ശത്രുതാപരമായ സ്ഥാപനങ്ങളുമായും ബന്ധമുള്ള വ്യക്തികളെ നിരീക്ഷിക്കുന്നതിനും വെളിച്ചത്തുകൊണ്ടുവരുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി നിരവധി പ്രതികളെ അറസ്റ്റ് ചെയ്തെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി അറിയിച്ചതായി തീവ്രവാദ കുറ്റകൃത്യ പ്രോസിക്യൂഷന് മേധാവി പറഞ്ഞു.
അന്വേഷണത്തിലും നിരീക്ഷണത്തിലും കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരം, പ്രതികള്‍ക്ക് ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗവുമായും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായും ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇറാനിലുള്ള ഏജന്റുമാര്‍ വഴി ഈ സ്ഥാപനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്, രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ നിരീക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും അവ ആക്രമണ ലക്ഷ്യങ്ങള്‍ക്കായി കൈമാറുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
രാജ്യത്തിനുനേരെ നടക്കുന്ന ആക്രമണങ്ങളുടെയും അട്ടിമറി പ്രവര്‍ത്തനങ്ങളുടെയും നാശനഷ്ടങ്ങള്‍ ചിത്രങ്ങള്‍ സഹിതം രേഖപ്പെടുത്തി സൂക്ഷിക്കാനും ഇവരോട് നിര്‍ദ്ദേശിച്ചിരുന്നതായി ആരോപണമുണ്ട്. തങ്ങള്‍ക്ക് ലഭിച്ച ചുമതലകളില്‍ പലതും ഇവര്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തീവ്രവാദ കുറ്റകൃത്യ പ്രോസിക്യൂഷന് കേസ് ഏറ്റെടുക്കുകയും പ്രതികളെ ചോദ്യം ചെയ്ത ശേഷം വിചാരണയ്ക്ക് മുന്നോടിയായി കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.









