മനാമ: കടബാധ്യതയുള്ളവര്‍ക്ക് ഏര്‍പ്പെടുത്തുന്ന യാത്രാവിലക്ക് നിശ്ചിത പരിധിയില്ലാതെ എത്ര തവണ വേണമെങ്കിലും പുതുക്കാന്‍ അനുവദിക്കുന്ന നിയമഭേദഗതി ബഹ്റൈന്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച വോട്ടിനിടും. സിവില്‍ എന്‍ഫോഴ്സ്മെന്റ് നിയമത്തില്‍ വരുത്തുന്ന ഭേദഗതികളെക്കുറിച്ചാണ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നത്.
രണ്ട് കരട് നിയമങ്ങളെ സംയോജിപ്പിച്ചാണ് നിയമനിര്‍മ്മാണ, നിയമകാര്യ സമിതി ഈ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. നിലവിലുള്ള മൂന്ന് മാസത്തെ യാത്രാവിലക്ക് കാലാവധി നിലനിര്‍ത്തിക്കൊണ്ടുതന്നെ, നിയമപരമായ കാരണങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ഈ വിലക്ക് തുടര്‍ച്ചയായി പുതുക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി.
കൂടാതെ, ഇത്തരത്തിലുള്ള യാത്രാവിലക്കുകള്‍ അന്തിമമായ നാടുകടത്തല്‍ ഉത്തരവുകളെ ബാധിക്കില്ലെന്നും സിവില്‍ എന്‍ഫോഴ്സ്മെന്റ് നിയമത്തിലെ 40-ാം വകുപ്പിലെ ഭേദഗതി വ്യക്തമാക്കുന്നു.
നിയമപരമായ തുല്യതയെയും ബാലന്‍സിനെയും ബാധിക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാരും നീതിന്യായ മന്ത്രാലയവും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, കടബാധ്യതയുള്ളവര്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുന്നത് തടയാന്‍ ഇത്തരമൊരു നീക്കം അത്യാവശ്യമാണെന്ന് വാദിച്ചുകൊണ്ട് ബഹ്റൈന്‍ ബാര്‍ സൊസൈറ്റി നിര്‍ദ്ദേശത്തെ പിന്തുണച്ചു.









