small icons
small icons

‘അല്‍ മുന്‍ദിര്‍’ പകര്‍ത്തിയ ബഹ്റൈന്റെ ആദ്യ സമ്പൂര്‍ണ്ണ ഉപഗ്രഹ ചിത്രം പുറത്തിറക്കി

New Project - 2026-04-14T202703.014

മനാമ: ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, നാഷണല്‍ സ്‌പേസ് സയന്‍സ് ഏജന്‍സി സിഇഒ ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ അസീരിയെ സ്വീകരിച്ചു. ബഹ്റൈന്റെ സ്വന്തം ഉപഗ്രഹമായ ‘അല്‍ മുന്‍ദിര്‍’ പകര്‍ത്തിയ രാജ്യത്തിന്റെ ആദ്യ സമ്പൂര്‍ണ്ണ ഉപഗ്രഹ ചിത്രം കൂടിക്കാഴ്ചയില്‍ അദ്ദേഹം ഉപപ്രധാനമന്ത്രിക്ക് കൈമാറി.

ഭാവിയുടെ ശാസ്ത്ര മേഖലകളിലും വിജ്ഞാന സമ്പദ്വ്യവസ്ഥയിലുമുള്ള ബഹ്റൈന്റെ നിക്ഷേപം രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന്റെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങളുടെയും പ്രതിഫലനമാണെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ ശാസ്ത്രരംഗത്ത് മുന്‍നിര രാജ്യങ്ങള്‍ക്കിടയില്‍ ബഹ്റൈന്റെ സ്ഥാനം ഉറപ്പിക്കാനാണ് ഈ ശ്രമങ്ങള്‍ ലക്ഷ്യമിടുന്നത്.

ബഹ്റൈന്‍ സ്‌പേസ് ഏജന്‍സിയുടെ രൂപീകരണം രാജ്യത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാടിന്റെ ഫലമാണെന്ന് ശൈഖ് ഖാലിദ് വിശേഷിപ്പിച്ചു. ഈ മേഖലയില്‍ ബഹ്റൈന്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനും ശാസ്ത്ര സാങ്കേതിക പുരോഗതി കൈവരിക്കുന്നതിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ നടത്തുന്ന പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

അല്‍ മുന്‍ദിര്‍ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിയിട്ട് ഒരു വര്‍ഷം തികയുന്ന വേളയില്‍ അദ്ദേഹം ഏജന്‍സി ജീവനക്കാരെ അഭിനന്ദിച്ചു. ഉപഗ്രഹം ഇപ്പോഴും കൃത്യതയോടും കാര്യക്ഷമതയോടും കൂടി പ്രവര്‍ത്തിക്കുന്നത് ബഹിരാകാശ സാങ്കേതികവിദ്യയില്‍ ബഹ്റൈന്‍ നേടിയ ദേശീയ ശേഷിയുടെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്കായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഉപപ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രധാനമായും നഗരാസൂത്രണം, അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി നിരീക്ഷണം, വിഭവ മാനേജ്മെന്റ് എന്നീ മേഖലകളില്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പറഞ്ഞു.

ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ അസീരി ഉപപ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ബഹ്റൈന്റെ സമഗ്ര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും പ്രാദേശികമായും അന്തര്‍ദേശീയമായും രാജ്യത്തിന്റെ ഖ്യാതി ഉയര്‍ത്തുന്നതിനും ഏജന്‍സി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!