മനാമ: തന്റെ അമ്മയെയും സഹോദരിയെയും അപമാനിച്ചെന്ന് ആരോപിച്ച് 19-കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച 24-കാരന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രകോപനം നിയന്ത്രിക്കാന്‍ കഴിയാതെയാണ് താന്‍ ഇത് ചെയ്തതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.
ഏഴ് സെന്റിമീറ്റര്‍ നീളമുള്ള കത്തി നെഞ്ചില്‍ കുത്തിയിറക്കിയതിനെ തുടര്‍ന്ന് കൗമാരക്കാരന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നു. മാലികിയ ബീച്ചില്‍ വെച്ച് നടന്ന സംഘര്‍ഷത്തിനിടെ, തന്റെ സഹോദരിയുടെ മാനം സംരക്ഷിക്കാനാണ്
കുത്തിയതെന്ന് പ്രതി സമ്മതിച്ചു. തന്നെ ഇരയുടെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചതായും ഇയാള്‍ പരാതിപ്പെട്ടു.
സ്‌നാപ്ചാറ്റില്‍ ചാറ്റ് ചെയ്യുന്നതിനിടെയാണ് തന്റെ അമ്മയെയും സഹോദരിയെയും കുറിച്ച് വളരെ മോശമായ കാര്യങ്ങള്‍ കൗമാരക്കാരന്‍ പറഞ്ഞതെന്ന് പ്രതി പറഞ്ഞു. തുടര്‍ന്ന് രാവിലെ 6 മണിക്ക് മാലിക്കിയ ബീച്ചില്‍ എത്താന്‍ ആവശ്യപ്പെടുകയും അവിടെ വെച്ച് കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രണ്ട് കത്തികള്‍ കണ്ടെടുത്തതായി ഡിറ്റക്ടീവ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.









