മനാമ: ജനവാസ മേഖലകളിലെ മാലിന്യ നിക്ഷേപം കുറയ്ക്കുന്നതിനും ശുചിത്വം മെച്ചപ്പെടുത്തുന്നതിനുമായി വേസ്റ്റ് ബിന്നുകളില്‍ മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ പതിക്കാനുള്ള നിര്‍ദ്ദേശത്തിന് നോര്‍ത്തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഐകകണ്ഠ്യേന അംഗീകാരം നല്കി.
കൗണ്‍സില്‍ അംഗം അബ്ദുള്ള ആശൂര്‍ സമര്‍പ്പിച്ച ഈ നിര്‍ദേശം മാലിന്യ ബിന്നുകള്‍ക്ക് പുറത്ത് മാലിന്യം ഉപേക്ഷിക്കുന്ന രീതി ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്നു. ഇത്തരത്തില്‍ പുറത്ത് മാലിന്യം തള്ളുന്നത് ശുചിത്വമില്ലായ്മയ്ക്കും തെരുവ് നായകളുടെയും എലികളുടെയും ശല്യം വര്‍ദ്ധിക്കാനും കാരണമാകുന്നുണ്ട്.
മാലിന്യം തെറ്റായ രീതിയില്‍ നിക്ഷേപിക്കുന്നതിനെതിരെയുള്ള നിര്‍ദ്ദേശങ്ങള്‍, നിശ്ചിത സ്ഥാനങ്ങളില്‍ നിന്ന് ബിന്നുകള്‍ മാറ്റുന്നതിനെതിരെയുള്ള മുന്നറിയിപ്പ്, മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിലെ നിയന്ത്രണങ്ങള്‍ എന്നിവ സ്റ്റിക്കറുകളില്‍ ഉള്‍പ്പെടുത്തും. നിയമലംഘനം നടത്തുന്നവര്‍ക്ക് ചുമത്താവുന്ന പിഴയെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടാകും.
അതേസമയം, ബൂരിയിലെ താമസക്കാര്‍ക്കായി 1.5 കിലോമീറ്റര്‍ നീളമുള്ള പുതിയ നടപ്പാത നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് കൗണ്‍സില്‍ അംഗീകാരം നല്കി. ഈസ ബിന്‍ സല്മാന് സ്ട്രീറ്റിലെ പുരാതനമായ കല്ലറകള്‍ക്ക് സമീപമുള്ള നടപ്പാതയാണ് നവീകരിക്കുന്നത്.
നിലവില്‍ സുരക്ഷാ സംവിധാനങ്ങളില്ലെങ്കിലും നിരവധി പേര് ഈ പാത ഉപയോഗിക്കുന്നുണ്ടെന്നും അതിനാല്‍ സുരക്ഷിതമായ ഒരു നടപ്പാത അത്യാവശ്യമാണെന്നും കൗണ്‍സില്‍ അംഗം സൈനബ് അല്‍ ദുറാസി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തെരുവ് വിളക്കുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. പദ്ധതി നടപ്പിലാക്കുന്നതില്‍ സാങ്കേതിക വിഭാഗം തടസ്സങ്ങളൊന്നും അറിയിച്ചിട്ടില്ല.









