മനാമ: മുഹറഖ് മലയാളി സമാജം (എം.എം.എസ്.) മഞ്ചാടി ബാലവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക് പ്രൗഢോജ്ജ്വലമായ തുടക്കം. കുട്ടികളിലും മുതിർന്നവരിലും പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പരിപാടികളാണ് മുഹറഖ് സമാജം വിഭാവനം ചെയ്തിരിക്കുന്നത്.
പരിസ്ഥിതി ദിനമായ ജൂൺ 5 വെള്ളിയാഴ്ച വൈകിട്ട് മുഹറഖ് മലയാളി സമാജം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചായിരുന്നു ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം. സമാജം പ്രസിഡന്റ് അനസ് റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ കരുതലോടെ സംരക്ഷിക്കേണ്ടത് വരുംതലമുറയുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
മഞ്ചാടി ബാലവേദി കൺവീനർ അഫ്രാസ് അഹമ്മദ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് പരിസ്ഥിതി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും നമ്മൾ സ്വീകരിക്കേണ്ട പ്രതിരോധ മാർഗ്ഗങ്ങളെയും കുറിച്ച് എം.എം.എസ്. വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്കായി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എം.എം.എസ്. ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ ചൊല്ലിക്കൊടുത്തു.
വരും ദിവസങ്ങളിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം, ക്വിസ് മത്സരം, പോസ്റ്റർ പ്രചാരണങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിസ്ഥിതി അവബോധ പ്രവർത്തനങ്ങളാണ് ഒരാഴ്ചത്തെ ക്യാമ്പയിന്റെ ഭാഗമായി നടക്കുക. മുഹറഖ് സമാജം ട്രഷറർ ശിവശങ്കർ, ഭാരവാഹികളായ അരുൺ കുമാർ, ബാഹിറ അനസ്, മൊയ്തീ ടി.എം.സി, ശ്രീകുമാർ,മാസ്റ്റർ റാസിൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. മഞ്ചാടി ബാലവേദി ഗേൾസ് വിഭാഗം കൺവീനർ ആര്യനന്ദ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.









