മനാമ: ബഹ്റൈൻ റിഫാ മലയാളി അസോസിയേഷന്റെയും ഫിറ്റ് 90 ഫിറ്റ്നസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രവാസി സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു സംഘടനകളും ചേർന്ന് ഹരിത ക്യാമ്പയിൻ സംഘടിപ്പിച്ചത്.
മുൻ സംസ്ഥാന ദേശീയ മനുഷ്യാവകാശ സംഘടന ജനറൽ സെക്രട്ടറിയും റിഫാ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ പൊൻകുന്നം സോബി മരം നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയ്ക്കായി നമ്മൾ ചെയ്യേണ്ട ഏറ്റവും വലിയ കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ അസോസിയേഷൻ പ്രമുഖരായ നൗഷാദ് അബ്ദുൽ ഹമീദ്, റൗഫ് എസ്റ്റേറ്റ് മുക്ക്, അഖിൽ കൃഷ്ണ, സുബൈർ അഹമ്മദ്, ഫയാസ് അബ്ദുൽസലാം, അഭിലാഷ് തക്കല, റ്റോണി തങ്കച്ചൻ എന്നിവർ പരിപാടികൾക്ക് കൃത്യമായ നേതൃത്വം നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രവാസികൾക്കായി വിവിധ ഹരിത സന്ദേശങ്ങളും ചടങ്ങിന്റെ ഭാഗമായി പങ്കുവെക്കപ്പെട്ടു.









