മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2026-2027 പ്രവർത്തന വർഷത്തെ ഔദ്യോഗിക ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിർവ്വഹിച്ചു. യുവജന സഖ്യം പ്രസിഡന്റ് റവ. അനീഷ് സാമുവേൽ ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐമാക് ബിഎംസി (IMAC BMC) ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരാത്ത് മുഖ്യതിഥിയായി പങ്കെടുത്ത് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
യുവജന സഖ്യം വൈസ് പ്രസിഡന്റ് ബിജിൻ എബ്രഹാം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് യുവജന സഖ്യം സെക്രട്ടറി ബിവിൻ വർഗീസ്, 2026-2027 പ്രവർത്തന വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ സാമൂഹിക-ആത്മീയ പദ്ധതികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വാർഷിക ഇയർ പ്ലാൻ (Year Plan) യോഗത്തിൽ അവതരിപ്പിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ചടങ്ങിന്റെ ഭാഗമായി സഖ്യം അംഗങ്ങൾക്ക് വൃക്ഷത്തൈ വിതരണവും നടത്തി. ചടങ്ങിൽ ബെൻസി കെ. സാം, ജെയിംസ് ബേബി എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു. ട്രഷറർ ഷിംസി അനീഷ്, യുവജന സഖ്യം കമ്മിറ്റി അംഗങ്ങൾ, സഖ്യം പ്രതിനിധികൾ, ഇടവക ചുമതലക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യുവജന സഖ്യം ജോയിന്റ് സെക്രട്ടറി ബിൻസി ജോയ് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.









