മനാമ: ബഹ്റൈൻ നവകേരളയുടെ കേന്ദ്ര സമ്മേളനം മനാമയിലെ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വെച്ച് ആവേശകരമായ അന്തരീക്ഷത്തിൽ വിപുലമായി സംഘടിപ്പിച്ചു. കേരള മുൻ റവന്യൂ മന്ത്രിയും ഒല്ലൂർ എം.എ.എൽ.എയുമായ ശ്രീ. കെ. രാജൻ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രവാസ ലോകത്തെ മലയാളി കൂട്ടായ്മകളുടെ സാമൂഹിക ഇടപെടലുകൾ എത്രത്തോളം വിലപ്പെട്ടതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ. രാജൻ എം.എൽ.എ ഓർമ്മിപ്പിച്ചു. മാതൃനാടായ കേരളവുമായി പ്രവാസി സമൂഹത്തിനുള്ള ആത്മബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ നവകേരള പോലുള്ള സംഘടനകൾ നടത്തുന്ന സാംസ്കാരിക പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ സംഘടനയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവിയിൽ നടപ്പിലാക്കേണ്ട വികസന-സേവന പദ്ധതികളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു.
എൻ. കെ. ജയൻ, സുനിൽദാസ് ബാല, പ്രവീൺ മേൽപ്പത്തൂർ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. രാജ് കൃഷ്ണ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എ. കെ. സുഹൈൽ അവതരിപ്പിച്ചു. കോ-ഓർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ജേക്കബ് മാത്യു, മുൻ കോ-ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്ന സുപ്രധാന പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു. ബിജു മലയിൽ, രഞ്ജിത്ത് ആവള, മനോജ് മഞ്ഞക്കാല എന്നിവരടങ്ങിയ മിനിറ്റ്സ് കമ്മറ്റിയും; ബിജു ജോൺ, ശ്രീജിത്ത് മൊകേരി, റെയ്സൺ വർഗീസ് എന്നിവരടങ്ങിയ പ്രമേയ കമ്മറ്റിയും; ഷാജഹാൻ കരുവന്നൂർ, അനു യൂസഫ്, അഷ്റഫ് കുരുത്തോല എന്നിവരടങ്ങിയ ക്രെഡൻഷ്യൽ കമ്മറ്റിയും സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി. എ. കെ. സുഹൈൽ സ്വാഗതവും പ്രവീൺ മേൽപ്പത്തൂർ നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തിന്റെ സമാപനത്തിൽ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.









