മനാമ: ബഹ്‌റൈനിലെ ടെലികോം സേവന ദാതാക്കളുടെ പ്രവർത്തന മികവും ഉപഭോക്തൃ സംരക്ഷണ മാനദണ്ഡങ്ങളും വിലയിരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി(TRA) പ്രസിദ്ധീകരിച്ച പെർഫോമൻസ് സ്‌കോർകാർഡിൽ ബാറ്റെൽകോയും എസ്ടിസി ബഹ്‌റൈനും ഒന്നാമത്. 92 ശതമാനം റേറ്റിംഗോടെയാണ് ഇരു കമ്പനികളും മികച്ച പ്രകടനം കാഴ്ചവെച്ചത്. പട്ടികയിൽ സൈൻ ബഹ്‌റൈൻ 87 ശതമാനം റേറ്റിംഗ് നേടി.
റോമിംഗ്, നമ്പർ പോർട്ടബിലിറ്റി, കോൺട്രാക്ട് വിവരങ്ങൾ, റീട്ടെയിൽ പാക്കേജുകളുടെ സുതാര്യത, ജനറൽ റെഗുലേറ്ററി മാനദണ്ഡങ്ങൾ, ബില്ലിംഗ് രീതികൾ തുടങ്ങിയ പ്രധാന 6 മേഖലകളെ അടിസ്ഥാനമാക്കിയായിരുന്നു വിലയിരുത്തൽ. നിഷ്പക്ഷമായ ‘മിസ്റ്ററി ഷോപ്പിംഗ്’ പരീക്ഷണങ്ങളിലൂടെ ഉപഭോക്താക്കളുടെ യഥാർത്ഥ അനുഭവം നേരിട്ടറിഞ്ഞാണ് ടി.ആർ.എ സ്കോർകാർഡ് തയാറാക്കിയത്.
നമ്പർ പോർട്ടബിലിറ്റി, കോൺട്രാക്ട് സമ്മറി എന്നീ വിഭാഗങ്ങളിൽ മൂന്ന് കമ്പനികളും 100 ശതമാനം സ്കോർ കരസ്ഥമാക്കി. എന്നാൽ, ഉപഭോക്താക്കൾക്ക് നൽകുന്ന പ്ലാനുകളിലും പാക്കേജുകളിലും കൂടുതൽ സുതാര്യത വരുത്തണമെന്നും ബില്ലിംഗ് വിവരങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വ്യക്തമാക്കണമെന്നും ടി.ആർ.എ നിർദ്ദേശിച്ചു.
രാജ്യത്തെ ടെലികോം വിപണിയിൽ ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനുമാണ് ഇത്തരം സ്കോർകാർഡുകൾ പ്രസിദ്ധീകരിക്കുന്നതെന്ന് ടി.ആർ.എ ജനറൽ ഡയറക്ടർ ഫിലിപ്പ് മാർണിക്, കൺസ്യൂമർ അഫയേഴ്‌സ് മാനേജർ ഖാലിദ് അൽ ഹാഷിമി എന്നിവർ വ്യക്തമാക്കി.









