മനാമ: പ്രവാചക തിരുമേനി മുഹമ്മദ് നബി (സ) യൂടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തിനും മുസ്ലിം ലോകത്തിനും നബദിന ആശംസകളും സന്ദേശവും നേർന്ന് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ. പ്രവാചകന്റെ ജീവിതവും അധ്യാപനങ്ങളും നീതി പുലർത്താനും, നന്മ വച്ചുപുലർത്താനും, വ്യക്തിവികാസത്തിനുമുള്ള വഴികാട്ടിയാണെന്ന് ഹമദ് രാജാവ് ത തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
സഹിഷ്ണുത, കരുണ, സമാധാനം, സഹവർത്തിത്വം, ഐക്യദാർഢ്യം എന്നീ ഇസ്ലാമിക മൂല്യങ്ങളുടെ പൂർണ്ണരൂപമായിരുന്നു പ്രവാചക ജീവിതം. മാനവ ചരിത്രത്തിൽ അറിവിന്റെയും നന്മയുടെയും പുതിയൊരു യുഗത്തിനാണ് പ്രവാചക ജനനം തുടക്കമിട്ടത്. കേവലം ഓർമ്മ പുതുക്കലുകൾക്കപ്പുറം പ്രവാചകന്റെ സന്ദേശങ്ങളെ ദൈനംദിന ജീവിതത്തിൽ പകർത്താനും അദ്ദേഹത്തിന്റെ മാതൃക പിന്തുടരാനും നബദിനാഘോഷങ്ങൾ പ്രചോദനമാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ആഗോളതലത്തിൽ വെല്ലുവിളികളും മാറ്റങ്ങളും നേരിടുന്ന ഈ കാലഘട്ടത്തിൽ സമാധാനവും മിതത്വവും ഉറപ്പാക്കാനും വെറുപ്പ് ഇല്ലാതാക്കാനും പ്രവാചക അധ്യാപനങ്ങൾ സഹായിക്കും. ഭിന്നതകൾ ഒഴിവാക്കി ഐക്യവും സഹോദര്യവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്നേഹത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ബഹ്‌റൈന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് രാജ്യത്തിന്റെ പുരോഗതിക്കായി ഒന്നിച്ച് മുന്നേറാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത രാജാവ്, രാജ്യത്തിനും മുസ്ലിം ലോകത്തിനും സമാധാനവും ഐശ്വര്യവും നേർന്നു.









