മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വിപുലമായ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’-ന് കൂടുതൽ മിഴിവേകി കേരള സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് സെപ്റ്റംബർ 11 വെള്ളിയാഴ്ച ബഹ്‌റൈനിലെത്തും.
സന്ദർശനത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് നടക്കുന്ന മലയാളം മിഷൻ പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. പ്രവാസി സമൂഹത്തിൽ മാതൃഭാഷയും സംസ്കാരവും വളർത്തുന്നതിനുള്ള മലയാളം മിഷന്റെ പ്രവർത്തനങ്ങൾക്ക് മന്ത്രിയുടെ സാന്നിധ്യം പുതിയ ഊർജ്ജം പകരും.
തുടർന്ന് വൈകിട്ട് 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ബി.കെ.എസ് വനിതാ വേദി അവതരിപ്പിക്കുന്ന ‘അരുദ്ര’ മെഗാ തിരുവാതിരയിലും മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥിയാകും. കേരളത്തിന്റെ തനത് കലാപാരമ്പര്യവും സ്ത്രീ കൂട്ടായ്മയും ആഘോഷമാക്കുന്ന ഈ മെഗാ തിരുവാതിര ശ്രാവണം 2026-ലെ പ്രധാന സാംസ്കാരിക വിരുന്നായിരിക്കും.
പ്രവാസി മലയാളി സമൂഹവും കേരളത്തിന്റെ സാംസ്കാരിക നേതൃത്വവും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന ഈ രണ്ട് പ്രധാന പരിപാടികളിലേക്കും ബഹ്‌റൈനിലെ മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കമ്മിറ്റി ചെയർമാൻ ഹരികൃഷ്ണൻ ബി. നായർ എന്നിവർ അറിയിച്ചു.









