മനാമ: വിവിധ മേഖലകളിൽ അസാധാരണ കഴിവുകളും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2026’-ൽ ഇടംനേടി ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ നാല് വിദ്യാർത്ഥികൾ. സ്കൂളിന്റെ ഇരു കാമ്പസുകളിലെയും വിദ്യാർത്ഥികളുടെ ഈ മികച്ച നേട്ടം സ്ഥാപനത്തിന് വലിയ അഭിമാനമായി മാറി.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ധനശ്യാം ശ്യാമാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 17-ാം വയസ്സിൽ ബി.ഡബ്ല്യു.എഫ് വേൾഡ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അമ്പയറായി സേവനമനുഷ്ഠിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡാണ് ധനശ്യാം സ്വന്തമാക്കിയത്. ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷന്റെ ക്ഷണപ്രകാരം 2026 ഫെബ്രുവരിയിൽ ബഹ്റൈനിൽ നടന്ന ബി.ഡബ്ല്യു.എഫ് പാരാ ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പിലാണ് ധനശ്യാം അമ്പയറായി പ്രവർത്തിച്ചത്.
അസാധാരണമായ ഓർമ്മശക്തിയും സർഗ്ഗാത്മകതയും കൊണ്ട് ജൂനിയർ കാമ്പസിലെ മൂന്ന് കൊച്ചു മിടുക്കരും റെക്കോർഡ് പട്ടികയിൽ ഇടംപിടിച്ചു:
-
ഇനാം മാലിക് (ഒന്നാം ക്ലാസ്): ഐക്യരാഷ്ട്രസഭ അംഗീകരിച്ച 195 രാജ്യങ്ങളെ അവയുടെ ദേശീയ പതാകകൾ നോക്കി കൃത്യമായി തിരിച്ചറിഞ്ഞ് ‘IBR അച്ചീവർ’ അംഗീകാരം നേടി.
-
മുഹമ്മദ് എൻ (യുകെജി): 1 മിനിറ്റും 31 സെക്കൻഡും കൊണ്ട് ലാപ്ടോപ്പ് സ്ക്രീനിൽ തെളിഞ്ഞ 60 രാജ്യങ്ങളുടെ പതാകകളും പേരുകളും കൃത്യമായി പറഞ്ഞ് ‘IBR അച്ചീവർ’ പദവി കരസ്ഥമാക്കി.
-
ഫെല്ല മെബാക് എ (മൂന്നാം ക്ലാസ്): നൽകിയ വാക്കുകൾ ഉപയോഗിച്ച് തൽക്ഷണം 25 ചെറിയ ഇംഗ്ലീഷ് കവിതകൾ രചിച്ച് ആലപിച്ച് ‘ഗ്രാൻഡ് മാസ്റ്റർ’ പദവി നേടി.
വിദ്യാർത്ഥികളുടെ ഈ അഭിമാനകരമായ നേട്ടത്തെ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ട്യൻ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി തുടങ്ങിയവർ അഭിനന്ദിച്ചു.








