മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ വുമൺസ് എംപവർമെന്റ് ഡിപ്പാർട്മെന്റിന് കീഴില്‍ പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയാനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമായ ഹാദിയ വിമന്‍സ് അക്കാദമിയുടെ ഒമ്പതാമത് എഡിഷന് ഒക്ടോബർ അവസാനവാരം തുടക്കമാവും. പഠനാരംഭം കുറിക്കുന്നതിന്റെ ഭാഗമായി മുഖദ്ദിമ എന്ന പേരിൽ നാഷണൽ തലത്തിലും എട്ട് റീജിയൻ കേന്ദ്രങ്ങളിലുമായി ഉദ്ഘാടന സംഗമങ്ങൾ നടക്കും.
നിലവിലെ പഠിതാക്കളും പുതുതായി അഡ്മിഷനെടുത്തവരും ഒരു വേദിയില്‍ ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെക്കും. സ്ത്രീകളാല്‍ നയിക്കപ്പെടുന്ന പഠന സംരംഭമാണ് ഹാദിയ വിമന്‍സ് അക്കാദമി. പഠിതാക്കള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനും മറ്റുമായി വ്യവസ്ഥാപിതമായ റഈസ, അമീറ, ഉമൈറ തുടങ്ങിയ നേതൃത്വവും സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ബഹ്റൈനിലെ മുഹറഖ്, മനാമ, ഗുദൈബിയ, സല്‍മാബാദ്, ഉമ്മുല്‍ ഹസം, റിഫ, ഈസാടൗണ്‍, ഹമദ് ടൗണ്‍ എന്നി 8 കേന്ദ്രങ്ങളിലായാണ് ക്ലാസ് റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. അറിവ് , സംസ്കാരം, സ്നേഹം, സ്വത്വം ,സ്വഭാവം, മൂല്യം, കൂട്ടായ്മ, മുന്നേറ്റം എന്നിവ അടങ്ങിയ പരിഷ്കരിച്ച കരിക്കുലം പ്രകാരമാണ് പുതിയ എഡിഷൻ സംവിധാനിച്ചിരിക്കുന്നതെന്നും വിശദ വിവരങ്ങൾക്ക് 3373 3691, 3885 9029 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.









