മനാമ: സ്തനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ വനിതാ വിംഗിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ‘പിങ്ക് പൾസ് 2026’ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അദ്‌ലിയയിലെ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ നൂറിലധികം സ്ത്രീകൾ പങ്കെടുത്തു. സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്തുക, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുക, സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
‘അറിവിലൂടെ പ്രതിരോധത്തിലേക്ക്, കരുതലിലൂടെ ആരോഗ്യത്തിലേക്ക്’ എന്ന സന്ദേശമുയർത്തിയ ക്യാമ്പ് സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള കൂട്ടായ ഇടപെടലിന്റെ ഭാഗമായി ശ്രദ്ധേയമായി. ക്യാമ്പിനോടനുബന്ധിച്ചു നടന്ന ഒഫീഷ്യൽ ചടങ്ങ്
കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് മാഹിറ ഷമീർ അധ്യക്ഷത വഹിച്ചു.
കെഎംസിസി ബഹ്‌റൈൻ ട്രഷറർ കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൽ അസീസ്, ഹെൽത്ത് വിംഗ് കൺവീനർ ഉമ്മർ മലപ്പുറം എന്നിവർ ആശംസകൾ നേർന്നു. അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ച് മാനേജർ ലിജോ ചാലക്കൽ, അൻസൽ എന്നിവർ സന്നിഹിതരായിരുന്നു. വനിതാ വിംഗ് ജനറൽ സെക്രട്ടറി അഫ്ര തസ്നീം സ്വാഗതവും റിസ്വി അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
സബിത അബ്ദുൽ ഖാദർ, സുഫൈജ റഫ്‌സി, ഷാഹിത റഹ്മാൻ, ഷഹനാസ് സക്കീർ, അലീമ ഷാഹിദ് പാവൂർ, സമീറ സിദ്ദിഖ്, ഷർമിന ഹാരിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.









