മനാമ: പത്തനംതിട്ട ജില്ലാ രൂപീകരണത്തിന്റെ 44-ാമത് വാർഷികവും കേരള രൂപീകരണത്തിന്റെ സപ്തതി ആഘോഷവും മുൻനിർത്തി ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സ്നേഹപൂർവ്വം പത്തനംതിട്ട’ പ്രവാസി സംഗമവും കുടുംബസംഗമവും സംഘടിപ്പിക്കുന്നു. നവംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ മനാമ ഇന്ത്യൻ ക്ലബ്ബിൽ വെച്ചാണ് കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ ആഘോഷ പരിപാടികൾ നടക്കുന്നത്.
പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. അഡ്വ. അബിൻ വർക്കി എം.എൽ.എയുടെ നേതൃത്വത്തിൽ ആറന്മുള മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘എം.എൽ.എ കെയർ’ ജീവകാരുണ്യ പദ്ധതിയുടെ പ്രവാസിതല ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിക്കും. കൂടാതെ ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിക്കും.
ശബരീശന്റെ മണ്ണും ആറന്മുള വള്ളംകളിയും ചെറുകോൽപുഴ-മാരാമൺ കൺവെൻഷനുകളും പടയണിയും ഉൾപ്പെടെ വിവിധ മത-സാംസ്കാരിക പൈതൃകങ്ങളാൽ സമ്പന്നമായ പത്തനംതിട്ടയുടെ യശസ്സ് പ്രവാസി ലോകത്ത് ഉയർത്തിപ്പിടിക്കുന്നതാണ് ആഘോഷപരിപാടികൾ. ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത ചിരിതാരവും ഗായകനുമായ രാജേഷ് അടിമാലിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളും കോമഡി സ്കിറ്റുകളും അരങ്ങേറും.
പരിപാടിയിലേക്ക് എല്ലാ പ്രവാസികളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ, ജനറൽ സെക്രട്ടറി ശോഭ സജി, പ്രോഗ്രാം ജനറൽ കൺവീനർ ജോൺസൺ ടി. തോമസ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.









