small icons
small icons

ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെതാണ്; ഉടമസ്ഥാവകാശവും ഭരണവും രക്ഷിതാക്കളിൽ നിലനിർത്തണം: 2015–2026 കാലഘട്ടത്തിലെ അക്കാദമിക-വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രോഗ്രസീവ് പാരന്റ്സ് അസോസിയേഷൻ

New Project (16)

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈന്റെ 75 വർഷത്തെ ചരിത്രത്തിൽ നിർണായകമായ ഡിസംബർ 11-ലെ ഭരണസമിതി തിരഞ്ഞെടുപ്പ് സ്‌കൂളിന്റെ ഭാവിയും ഉടമസ്ഥാവകാശവും രക്ഷിതാക്കളിൽ നിലനിർത്താനുള്ള പോരാട്ടമാണെന്ന് പ്രോഗ്രസീവ് പാരന്റ്സ് അസോസിയേഷൻ (PPA). സ്‌കൂൾ ഒരു യഥാർത്ഥ കമ്മ്യൂണിറ്റി സ്‌കൂളായി രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ മുന്നോട്ടുപോകണമോ, അതോ അധികാരവും ഉടമസ്ഥാവകാശവും ഏതാനും വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കപ്പെടണമോ എന്നാണ് തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കേണ്ടതെന്ന് പി.പി.എ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

2026 സെപ്റ്റംബർ 25-ന് നടന്ന അസാധാരണ പൊതുയോഗം (EGM) അംഗീകരിച്ച പുതിയ ഭരണഘടന ബഹ്‌റൈനിലെ നിയമങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കും അനുസൃതമാണ്. എല്ലാ രക്ഷിതാക്കളെയും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷന്റെ (CR) ഓഹരി ഉടമകളാക്കുന്നതിനെയാണോ, ഡയറക്ടർ ബോർഡ് അംഗങ്ങൾ കാലാവധി മുഴുവൻ രക്ഷിതാക്കളായിരിക്കണമെന്ന വ്യവസ്ഥയോടാണോ, രക്ഷിതാക്കളല്ലാത്തവരുടെ പേട്രൺ സ്വാധീനം ഒഴിവാക്കിയതിനെയാണോ, അതോ യോഗ്യതാ-പശ്ചാത്തല പരിശോധനകളെയാണോ വിമർശകർ എതിർക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പി.പി.എ ആവശ്യപ്പെട്ടു.

2015–2026 കാലയളവിലെ പ്രധാന നേട്ടങ്ങൾ:

  • അക്കാദമിക മികവ്: 2025-ലെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 832 പേർ എഴുതിയതിൽ 100 ശതമാനം വിജയവും (19 പേർക്ക് എല്ലാ വിഷയത്തിലും A1), പന്ത്രണ്ടാം ക്ലാസിൽ 98.73 ശതമാനം വിജയവും നേടി. 2026-ൽ പത്താം ക്ലാസിൽ 860 പേരിൽ 99.99 ശതമാനം വിജയവും (187 പേർക്ക് 90%-ന് മുകളിൽ മാർക്ക്), പന്ത്രണ്ടാം ക്ലാസിൽ 98.09 ശതമാനം വിജയവും (ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് 100%) കരസ്ഥമാക്കി. 2024–25-ൽ ഏഴ് സി.ബി.എസ്.ഇ ഗൾഫ് സഹോദയ പുരസ്‌കാരങ്ങളും സ്‌കൂൾ നേടി.

  • കായികം, സ്കൗട്ട് & അധ്യാപക സ്വാതന്ത്ര്യം: ബഹ്‌റൈൻ സ്‌കൂൾ ഒളിമ്പിക്സ് പ്രൈവറ്റ് സ്‌കൂൾ വിഭാഗത്തിൽ തുടർച്ചയായി ചാമ്പ്യൻമാരായി. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൽ 19 കുട്ടികൾക്ക് രാജ്യ പുരസ്‌കാർ ലഭിച്ചു. അധ്യയന സമയങ്ങളിൽ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കി അധ്യാപകരുടെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിച്ചു.

  • അടിസ്ഥാന സൗകര്യ വികസനം: ഏകദേശം 400 സ്മാർട്ട് ക്ലാസ് റൂമുകൾ (ഡിജിറ്റൽ സ്‌ക്രീനുകൾ), അധ്യാപകർ വികസിപ്പിച്ച പഠനസഹായ പ്രോഗ്രാമുകൾ, സി.സി.ടി.വി ക്യാമറകൾ, റിഫയിൽ ജി.പി.എസ് ലൈവ് ബസ് ട്രാക്കിംഗ്, ജഷാദ് മാൾ ഓഡിറ്റോറിയം നവീകരണം, ബാഡ്മിന്റൺ ടർഫ്, ഈസി ഫീ പേയ്മെന്റ്, അഞ്ച് പുതിയ ബസുകൾ, ഇസാടൗൺ ടോയ്‌ലറ്റുകളുടെയും വാട്ടർ ബൂസ്റ്റർ സംവിധാനത്തിന്റെയും നവീകരണം, ഇസാടൗൺ-റിഫ ക്യാമ്പസുകളിൽ സോളാർ പദ്ധതി എന്നിവ നടപ്പാക്കി.

  • സാമ്പത്തിക അച്ചടക്കവും റിഫ ക്യാമ്പസും: റിഫ ക്യാമ്പസിന്റെ പേരിൽ പഴയ ഭരണസമിതി ബിൽഡിംഗ് ഫണ്ടായി 1.5 മില്യൺ ദിനാർ പിരിച്ചിട്ടും വായ്പ തിരിച്ചടച്ചിരുന്നില്ലെന്നും, 2015-ന് ശേഷം പി.പി.എ ഭരണസമിതിയാണ് വായ്പയും പഴയ ബസ് ഓപ്പറേറ്റർമാരുടെ കുടിശ്ശികയും തീർത്തതെന്നും ചൂണ്ടിക്കാട്ടി. റിഫ ക്യാമ്പസിലെ ചോർച്ച പരിഹരിക്കാൻ 35,000 ദിനാറിലധികം ചെലവഴിച്ച് വാട്ടർപ്രൂഫിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തി. ടാഗോർ ബ്ലോക്കിന് പകരം പുതിയ കെട്ടിടത്തിനായി DTEB കൺസൾട്ടൻസിയെ ചുമതലപ്പെടുത്തി മന്ത്രാലയ അനുമതികൾ നേടിയിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ സന്തോഷ് ബാബു, അഷ്‌റഫ് കാട്ടിൽപീടിക, പ്രവീൺ നായർ, ബിനോജ് മാത്യു, ബിജു മലയിൽ, റിഷാന സാക്കിർ, ജാക്കീർ അലി, വല്ലം ബഷീർ, സർവ്വർഖാൻ, മുഹമ്മദ് ബിസാൽ, ഹരിദാസ് സി.വി, പ്രിൻസ് മാങ്ങാട്, രാജേഷ് കുമാർ സി.എസ്, സതീഷ് നായർ, സുമേഷ് ആനേരി, ഹക്കിം പാലക്കാട് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!