കൊച്ചി: കേരളത്തില്‍ കോവിഡ്-19 മരണം സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളിയാണ് മരണപ്പെട്ടത്. 69 വയസായിരുന്നു. മാര്‍ച്ച് 16ന് ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹത്തിന്, മാര്‍ച്ച് 22നാണ് രോഗം സ്ഥിരീകരിക്കുന്നത്. പിന്നാലെ ഐസലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഇയാളുടെ ഭാര്യയും കോവിഡ് ബാധയേറ്റ് ചികിത്സയില്‍ തുടരുകയാണ്. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 8നാണ് മരണം സ്ഥിരീകരിക്കുന്നത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ന്യൂമോണിയ ലക്ഷണങ്ങളോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്തെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.
ആരോഗ്യനില ഗുരുതരമായതിനാല്‍ തീവ്ര പരിചര വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇയാളെ സ്വദേശത്തേക്ക് കൊണ്ടുചെന്നാക്കിയ ടാക്സി ഡ്രൈവറും വൈറസ് ബാധയേറ്റ് ചികിത്സയില്‍ തുടരുകയാണ്. മരണാനന്തര ചടങ്ങുകള്‍ കര്‍ശന നിയന്ത്രണങ്ങളോടെയാവും നടക്കുക.