മനാമ / കൊല്ലൂർ: പ്രവാസലോകത്തെ പ്രമുഖ വാദ്യകലാ കൂട്ടായ്മയായ ‘ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം’ സംഘടിപ്പിക്കുന്ന രണ്ടാമത് ‘സോപാന സംഗീത പരിക്രമം’ യാത്രയ്ക്ക് ഓഗസ്റ്റ് 8 ശനിയാഴ്ച കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ തുടക്കമായി. പ്രവാസി മലയാളി കലാകാരന്മാർ അണിനിരക്കുന്ന ഈ സംഗീതാർച്ചന യാത്ര ഓഗസ്റ്റ് 14-ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിക്കും.
ഒരാഴ്ച നീണ്ടുനിൽക്കുന്ന യാത്രയിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ 24 പ്രമുഖ ക്ഷേത്രങ്ങളിൽ സംഘം സോപാനസംഗീതം സമർപ്പിക്കും. കേരളത്തിന്റെ തനത് കലാരൂപമായ സോപാന സംഗീതത്തിന്റെ പഠനവും പ്രചാരണവുമാണ് യാത്രയുടെ പ്രധാന ലക്ഷ്യം.
സോപാനം ഗുരു മേളകലാരത്നം സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ പരിശീലനം പൂർത്തിയാക്കിയ സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന 30 അംഗ പ്രവാസി സംഘമാണ് യാത്രയിൽ പങ്കാളികളാകുന്നത്. സോപാനരത്നം അമ്പലപ്പുഴ വിജയകുമാർ, സന്തോഷ് കൈലാസ് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകും.
യാത്രയുടെ ഭാഗമായി സോപാന സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് 13 മുതിർന്ന ഗുരുക്കന്മാരെ വിവിധ ക്ഷേത്രങ്ങളിലായി ‘ആചാര്യവന്ദനം’ ചടങ്ങിലൂടെ ആദരിക്കും. കഴിഞ്ഞ 17 വർഷമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന സോപാനം വാദ്യകലാസംഘം ഇതിനോടകം 600-ലധികം ആളുകൾക്ക് വാദ്യകലകളിലും 100-ലധികം പേർക്ക് സോപാന സംഗീതത്തിലും പരിശീലനം നൽകിയിട്ടുണ്ട്. വരും വർഷങ്ങളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇത്തരം സംഗീത-മേള യാത്രകൾ വ്യാപിപ്പിക്കാനാണ് സംഘത്തിന്റെ തീരുമാനം.








