bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവ സാന്നിധ്യമായി കെ.എം.സി.സി

kmcc

മനാമ: കോവിഡ് ബാധയെ തുടര്‍ന്ന് ദുരിതത്തിലും ഭീതിയിലും ആശങ്കയിലും കഴിയുന്ന പ്രവാസികളെ സഹായിക്കാനുള്ള ബഹ്‌റൈന്‍ കെഎംസിസി യുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. ബഹ്റൈന്റെ ഏത് ഭാഗത്ത് നിന്ന് വരുന്ന സഹായ അഭ്യര്‍ത്ഥന കോളുകളും സ്വീകരിച്ചു ബന്ധപ്പെട്ടവര്‍ക്ക് കൈമാറി സഹായിക്കുന്ന രീതിയാണ് കെഎംസിസി പൊതുവായി സ്വീകരിച്ചിരിക്കുന്നത്. ഇത് ഏറെ ഫലപ്രദവും പ്രയാസമനുഭവിക്കുന്നവര്‍ക്ക് പെട്ടെന്നു തന്നെ പരിഹാരം കിട്ടുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്, ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്

കാസറഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലാ കമ്മിറ്റികള്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സൗത്ത് സോണ്‍ കമ്മിറ്റി, കൂടാതെ ബഹ്‌റൈനിലെ പ്രത്യേക സൗകര്യാര്‍ത്ഥം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ ഏരിയ കമ്മിറ്റികള്‍ എന്നിവയിലൂടെയാണ് കെഎംസിസിയുടെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് ബഹ്‌റൈന്റെ ഏതെങ്കിലും ഭാഗത്ത് നിന്നു സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള വിളി കെഎംസിസി യിലെ ആര്‍ക്കെങ്കിലും ലഭിച്ചാല്‍ ബഹ്‌റൈനിലെ ഏത് സ്ഥലത്തു നിന്നാണ് വിളിക്കുന്നത് എന്നു ചോദിച്ചു മനസ്സിലാക്കി ആ ഏരിയ ഏത് കമ്മിറ്റികളുടെ പ്രവര്‍ത്തനപരിധിയില്‍ ആണോ വരുന്നത് ഈ വിഷയം അവര്‍ക്ക് കൈമാറുന്നു.

പിന്നീട് വിഷയം പൂര്‍ണ്ണമായും മനസ്സിലാക്കി അവര്‍ക്കുള്ള സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ഉത്തരവാദിത്തം പ്രസ്തുത ജില്ലാ/ഏരിയ കമ്മിറ്റികള്‍ പൂര്‍ത്തീകരിക്കുന്നു. കൂടുതല്‍ പ്രാക്ടിക്കല്‍ ആയ ഈ ക്രമീകരണം സഹായ വിതരണത്തില്‍ വളരെ എളുപ്പവും ഉപകാരപ്രദവുമായി തീര്‍ന്നു. മുഖ്യമായും ജോലി ഇല്ലാത്തതിനാല്‍ വരുമാനം നിലച്ചതിനാല്‍ ഭക്ഷണത്തിനു വേണ്ടിയുള്ള ആവശ്യക്കാര്‍ ആയിരുന്നു അധികവും. മലയാളികള്‍ക്ക് പുറമെ ആന്ധ്രാ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഭക്ഷണക്കിറ്റുകള്‍ ആവശ്യമായി വന്നത്.

വീട്ടു വേലക്കാരികള്‍, തൊഴിലില്ലാതെ റൂമുകളില്‍ കഴിയുന്നവര്‍, കടകള്‍ അടക്കേണ്ടി വന്നതിനാല്‍ വരുമാനം നിലച്ചവര്‍ അങ്ങിനെ വിവിധ തലങ്ങളിലുള്ള പ്രയാസപ്പെടുന്നവരെയാണ് ഈ ദുരിതകാലത് കെഎംസിസി കണ്ടുമുട്ടിയതെന്ന് ഭാരവാഹികള്‍ പറയുന്നു. നാട്ടില്‍നിന്ന് കൊണ്ടു വന്ന മരുന്നുകളും ഗുളികകളും തീര്‍ന്നു പോയ ധാരാളം പേര്‍ക്ക് സ്വന്തം നിലക്കും അഭ്യുദയ കാംക്ഷികളുടെ പിന്തുണയോടെയും കെഎംസിസി ക്ക് സഹായിക്കാന്‍ കഴിഞ്ഞു. കോവിഡ് ഭീതിയില്‍ കഴിയുന്ന ചിലര്‍ കടുത്ത മാനസിക സംഘര്‍ഷം നേരിടുന്നതായി മനസ്സിലാക്കിയപ്പോള്‍ കൗണ്‍സിലിംഗ് രൂപത്തില്‍ അവരെയും കെഎംസിസി തേടിയെത്തി. ഏത് സമയത്തും വിളിച്ചാല്‍ സഹായം കെഎംസിസി യില്‍ ലഭിക്കുമെന്ന് പ്രവാസികള്‍ക്ക് ബോധ്യപ്പെടുകയായിരുന്ന ഈ കുറഞ്ഞ ദിവസം കൊണ്ട്.

മറ്റൊരു പ്രധാന സവിശേഷത ഭക്ഷണ കിറ്റുകള്‍ വാങ്ങാനുള്ള ഫണ്ടുകള്‍ ഭൂരിഭാഗവും സംഘടനയിലെ സാധാരണ പ്രവര്‍ത്തകരുടെ പോക്കറ്റുകളില്‍ നിന്ന് ത്തന്നെയായിരുന്നു ശേഖരിച്ചത്. ഒപ്പം എന്നും കെഎംസിസി യെ പിന്തുണക്കുന്ന ഗുണകാംഷികളുടെ സഹകരണവും സഹായിച്ചുവെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

സാഹചര്യങ്ങള്‍ അനുകൂലമാവാതെ വരികയാണെങ്കില്‍ കുറെകൂടി സേവന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിനെ കുറിച്ചും കെഎംസിസി ആലോചിച്ചു തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ഗൗരവമായ സാഹചര്യങ്ങളിലും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കെഎംസിസി പിന്നോട്ട് പോകില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!