bahrainvartha-official-logo
Search
Close this search box.

കോഴിക്കോട്ടേക്കുള്ള യാത്രയിൽ 20 ദിവസം പ്രായമായ കുഞ്ഞും, അടിയന്തര ചികിത്സക്കായി ഇന്ന് തന്നെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടു പോകും; പ്രാർഥനയോടെ പ്രവാസ ലോകം

AICC

മനാമ: പ്രവാസികളെ നാട്ടിലെത്തിക്കുന്ന മൂന്നാംഘട്ട ദൗത്യത്തിലെ ആദ്യ റീപാട്രീഷന്‍ വിമാനം ഇന്ന് ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുമ്പോൾ കരുതലും പ്രാർഥനയുമായി പ്രവാസ ലോകവും. ഹൃദയ തകരാറിനെ തുടര്‍ന്ന് അടിയന്തര ചികിത്സ ആവശ്യമുള്ള ഇരുപത് ദിവസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ 179 പേരാണ് യാത്രക്കാർ. പ്രാദേശിക സമയം വൈകിട്ട് 4:30 ഓടെ പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 11 ഓടെ കോഴിക്കോട്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികളായ കണ്ണൂര്‍ പഴയങ്ങാടിയിലെ ദമ്പതികൾക്ക് ബഹ്‌റൈനിൽ ജനിച്ച കുഞ്ഞിനാണ് ഹൃദയ സംബന്ധിയായ രോഗം സ്ഥിരീകരിച്ചിരുന്നത്. ഏഴ് മാസം പൂർത്തിയാവുന്ന ഘട്ടത്തിലായിരുന്നു കുഞ്ഞിൻ്റെ ജനനം. എന്നാല്‍ തുടര്‍ ചികിത്സയ്ക്കായി കേരളത്തിലേക്ക് എത്തിക്കാന്‍ സാഹചര്യമൊരുങ്ങിയിരുന്നില്ല. മൂന്നാം ഘട്ടത്തില്‍ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുകയായിരുന്നു.

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കുഞ്ഞിനെ റോഡുമാര്‍ഗം തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനാണ് പദ്ധതി. ഇതിനായുള്ള ആംബുലൻസ് അടക്കമുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. നേരത്തെ സാങ്കേതിക കാരണങ്ങളാല്‍ കുഞ്ഞിന്റെ കുടുംബത്തിന് നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബികെഎസ്എഫും ബഹ്റൈന്‍ ഒഐസിസി യൂത്ത് വിംഗും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇവർക്ക് ഇന്ന് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുങ്ങിയത്. എംബസി അധികൃതരുടെ പൂർണ പിന്തുണ കൂടി ലഭിച്ചതോടെ യാത്രക്കാര്യത്തിൽ തീരുമാനമാവുകയായിരുന്നു. മെയ് 22ന് യാത്ര പോവാനിരിക്കെ കുഞ്ഞിൻ്റെ ആരോഗ്യനിലയിലെ സ്ഥിതി കാരണമായിരുന്നു യാത്ര മുടങ്ങിയത്. ഇന്ന് കുഞ്ഞും അമ്മയും എയർപോർട്ടിൽ പ്രവേശിക്കും വരെ എല്ലാ വിധ സഹായങ്ങളുമായി BKSF പ്രവർത്തകർ കൂടെ അണിനിരന്നു.

കുഞ്ഞിനും അമ്മയ്ക്കുമുള്ള ടിക്കറ്റുകള്‍ നല്‍കിയത് ഒഐസിസി യൂത്ത് വിംഗാണ്. ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുപുറം, ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി ബോബി പാറയില്‍ എന്നിവര്‍ ബികെഎസ്എഫ് ഹെല്‍പ് ഡെസ്‌ക് ടീം അംഗങ്ങളായ നജീബ് കടലായി, അമല്‍ ദേവ്, എന്നിവര്‍ക്ക് ടിക്കറ്റുകള്‍ കൈമാറി, ചടങ്ങില്‍ ഒഐസിസി യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നംന്താനം, വെല്‍ഫെയര്‍ സെക്രട്ടറി മനു മാത്യു, യൂത്ത് വിംഗ് സെക്രട്ടറി നിസാര്‍ കുന്നംകുളത്തിങ്ങല്‍, ഷാജി തങ്കച്ചന്‍ ബികെഎസ്എഫ് ഹെല്‍പ് ഡെസ്‌ക് അംഗങ്ങളായ അന്‍വര്‍ കണ്ണൂര്‍, നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഒഐസിസി യൂത്ത് വിംഗ് പ്രഖ്യാപിച്ച 14 ടിക്കറ്റില്‍ ആറാമത്തെയും ഏഴാമത്തെയും ടിക്കറ്റുകളാണ് കൈമാറിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!