മനാമ: അദ്‌ലിയയിൽ കോവിഡ് നിബന്ധനകൾ ലംഘിച്ച ടൂറിസ്റ്റ് സ്ഥാപനം അടച്ചു പൂട്ടി. ഹോട്ടലിൽ ശീഷാ സേവനങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ് അടച്ചുപൂട്ടൽ. ആരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷ വകുപ്പും ബഹ്‌റൈൻ ടൂറിസം വകുപ്പും ഇന്നലെ ഹോട്ടലിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് കോവിഡ് നിബന്ധനകൾ പാലിക്കാത്തതായി കണ്ടെത്തി.
കൊവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. സമൂഹവ്യാപനം തടയാനാണ് സ്ഥാപനം അടച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് നിരവധി കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങൾ ലഘൂകരിച്ച് ജനജീവിതം സാധാരണ രീതിയിലേക്ക് മടക്കി കൊണ്ട് വരുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കവെ ഇത്തരത്തിലുള്ള ലംഘനങ്ങൾ സ്ഥിതിഗതികളെ സാരമായി ബാധിക്കുമെന്നാണ് നിരീക്ഷണം.