bahrainvartha-official-logo
Search
Close this search box.

ഇന്ത്യന്‍ സ്‌കൂളിനെതിരായ വ്യാജ പ്രചാരണം അവസാനിപ്പിക്കണം; ഭരണസമിതി

indian school

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈനെതിരെ ചിലര്‍ വ്യാപകമായി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതായി സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രോഗ്രസിവ് പാരന്റ്‌സ് അലയന്‍സ് (പി.പി. എ)ന്റെ രക്ഷാധികാരി മുഹമ്മദ് ഹുസൈന്‍ മാലീം, കണ്‍വീനര്‍ വിപിന്‍ കുമാര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഒരു രക്ഷിതാവ് കഴിഞ്ഞ വര്‍ഷം ഫീസ് അടക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്‌തെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ അത്തരമൊരു സംഭവം നടന്നതായി അറിവില്ല. ആരെങ്കിലും അവരുടെ വ്യക്തിപരമായ പ്രശ്നത്തില്‍ ആത്മഹത്യയോ മറ്റോ ചെയ്താല്‍ അതെല്ലാം സ്‌കൂളിന്റെ തലയില്‍ കെട്ടിവക്കുന്നത് നികൃഷ്ടവും നിന്ദ്യവുമാണ്. സ്‌കൂള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

പ്രോഗ്രസിവ് പാരന്റ്‌സ് അലയന്‍സിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്ന ശേഷം അര്‍ഹതപ്പെട്ട നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ക്കാണ് ഫീസിളവ് നല്‍കിവരുന്നത്. 2018- 19, 2019-20 എന്നീ അധ്യയന വര്‍ഷങ്ങളില്‍ മാത്രം ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍ ഫീസിളവു നല്‍കിയത്. അതോടൊപ്പം പല കാരണങ്ങളാല്‍ കുടുംബനാഥന്‍ മരണമടയുകയോ, അസുഖ ബാധിതനാകുകയോ ചെയ്തു നിരാലംബരായ വിദ്യാര്‍ഥികളെ അവരുടെ ജീവിത സാഹചര്യം പരിശോധിച്ച ശേഷം സൗജന്യമായി പഠിപ്പിക്കുന്നതിനും അവരുടെ തുടര്‍പഠനം ഉറപ്പുവരുത്തുന്നതിനും സ്‌കൂളിലെ നല്ലവരായ അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, വിദ്യാര്‍ഥികളുടെയും അഭ്യുദയകാംഷികളുടെയും പിന്തുണയോടെ ആവശ്യമായ സഹായം ചെയ്തിട്ടുമുണ്ട്.

ഇതെല്ലാം തന്നെ സമൂഹ മധ്യത്തില്‍ ഫോട്ടോ എടുത്തു പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഭരണ സമിതിക്കോ അതിനു നേതൃത്വം നല്‍കുന്ന പി.പി.എക്കോ താല്‍പ്പര്യമില്ല. ദീനാനുകമ്പാ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന്റെ ഭാഗമാണെന്നു ചിന്തിക്കുന്നവരാണ് പി.പി.എ നേതൃത്വവും സ്‌കൂള്‍ ഭരണസമിതി. സ്‌കൂള്‍ ഫീസ് അടക്കണം എന്നാവശ്യപ്പെട്ടു പലപ്പോഴും സര്‍ക്കുലര്‍ അയക്കാറുണ്ട്. പന്ത്രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ഫീസടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ മറ്റ് സ്‌കൂളുകള്‍ സ്വീകരിക്കുന്നതു പോലെ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

വലിയ ഫീസ് കുടിശിക വരുത്തിയതിനാല്‍ നിരന്തരം സ്‌കൂളില്‍ നിന്നും സര്‍ക്കുലര്‍ അയച്ചിട്ടും തുടര്‍നടപടികള്‍ക്കായി സ്‌കൂള്‍ അധികൃതരെ യോ അധ്യാപകരെയോ സമീപിക്കാത്ത രക്ഷാകര്‍ത്താക്കളുടെ കുട്ടികളെ മാത്രമാണ് താല്‍ക്കാലികമായെങ്കിലും ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും മാറ്റിനിര്‍ത്തിയത്. അവരില്‍ പലരും സി.ബി.എസ്.ഇയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും രജിസ്‌ട്രേഷനു ആവശ്യമായ രേഖകള്‍ പോലും സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സ്‌കൂള്‍ മാനേജ്മെന്റും അക്കാദമിക്ക് ടീമും ആലോചിച്ച് അവരെ മാറ്റിനിര്‍ത്തിയത്. അതും കുറച്ചെങ്കിലും ഫീസടക്കുകയോ, തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കുകയോ ചെയ്യുന്ന മുറക്ക് ക്ളാസ് തുറന്ന് കൊടുക്കുകയും ചെയ്തുവരുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ ചില എട്ടുകാലി മമ്മൂഞ്ഞുമാര്‍ ഗീബല്‍സിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റ് ഫീസ് കുടിശികയുള്ള കുട്ടികളെ മുഴുവന്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയെന്നും തങ്ങള്‍ നിരന്തരം ഇടപെട്ടതുകൊണ്ട് മാനേജ്‌മെന്റ് നിലപാട് മാറ്റിയതെന്നുമുള്ള നുണപ്രചാരണവുമായി ഇറങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ ഇല്ലാത്ത ഒരു കാര്യം ഉന്നയിച്ചു വസ്തുതയറിയാതെ രാഷ്ട്രീയ ലക്ഷ്യം വെച്ച് സ്‌കൂളിനെതിരെ ദുരാരോപണം ഉന്നയിക്കുന്നത് അധികാരകൊതിമൂത്ത ചിലരുടെ ജല്‍പ്പനമായി മാത്രമേ പരിഗണിക്കാന്‍ കഴിയുകയുള്ളൂ. ഇത് മാത്രമല്ല ഇവര്‍ ചെയ്യുന്നത്. ഫീസടക്കാന്‍ നിര്‍വാഹമില്ലാത്ത കുട്ടികളെ സഹായിക്കാനെന്ന പേരില്‍ സുമനസുകളില്‍ നിന്നു ഫണ്ട് സമാഹരിക്കുക കൂടി ചെയ്യുന്നതായി സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റു സ്രോതസുകളില്‍ നിന്നും മനസിലാക്കുന്നു.

എന്നാല്‍ ഇങ്ങനെ ധനം സമാഹരിച്ച് ആരെയെങ്കിലും സഹായിച്ചതിന്റെ ഭാഗമായി ഒരു ദിനാര്‍ പോലും ഫീസ് കുടിശിക ഉള്ളവര്‍ അധികമായി സ്‌കൂളില്‍ അടച്ചതായി അറിവില്ല. മാത്രവുമല്ല ചിലര്‍ ‘യു.പി.പി എഡ്യൂക്കേഷന്‍ ഹെല്‍പ്’ എന്ന പേരില്‍ ധനസമാഹരണം നടത്തിയിട്ടുണ്ടെന്നും അതില്‍ നിന്നും തങ്ങളുടെ കുട്ടികള്‍ക്ക് സഹായം നല്‍കണമെന്നും എന്നാവശ്യപ്പെട്ട് കുറച്ച് രക്ഷിതാക്കള്‍ രേഖാമൂലവും അല്ലാതെയും സ്‌കൂളിനെ സമീപിക്കുക കൂടി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആരെങ്കിലും കുട്ടികളുടെ പേരില്‍ ധന സമാഹാരണം നടത്തുന്നുവെങ്കില്‍ അത് ശരിയല്ലെന്നും അത് നിയമ വിരുദ്ധമായ പ്രവൃത്തിയാണെന്നുമുള്ള ഒരു പ്രസ്താവന സ്‌കൂള്‍ മാനെജ്‌മെന്റ് ആരുടെയും പേര് സൂചിപ്പിക്കാതെ നല്‍കാന്‍ നിര്‍ബന്ധിതമായത്.

ഈ പ്രസ്താവന വന്നയുടനെ തന്നെ ചിലര്‍ ഇത് തങ്ങളെ മാത്രം ഉദ്ദേശിച്ചാണ് എന്ന മറു പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. അതില്‍ നിന്ന് തന്നെ ജനങ്ങള്‍ക്ക് മനസിലാവും ആരാണ് ഈ തെറ്റായ പ്രവൃത്തി ചെയ്യുന്നതെന്ന്. ഇത്തരം വ്യക്തികളോടും സംഘങ്ങളോടും പറയാനുള്ളത് ഇതാണ്. നിങ്ങള്‍ക്ക് ധൂര്‍ത്തടിക്കുവാന്‍ ഫണ്ട് പിരിക്കണമെങ്കില്‍ നിങ്ങളുടെയൊക്കെ സംഘടനയുടെ പേരില്‍ പണപ്പിരിവ് നടത്തിക്കൊള്ളു. അല്ലാതെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ പേരില്‍ അത് ചെയ്യരുത്. കഴിഞ്ഞ വര്‍ഷവും അതിന് മുന്‍പും ഫീസ് അടക്കാന്‍ നിര്‍വാഹമില്ലാത്ത കുട്ടികള്‍ ഉണ്ടായിരുന്നു. അപ്പോഴൊന്നും ഈ മുതലക്കണ്ണീര്‍ കണ്ടില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു നടത്തുന്ന ഈ കോമാളി കളി എല്ലാവര്‍ക്കും മനസിലാകും എന്ന് മാത്രമേ സൂചിപ്പിക്കാനുള്ളു.

റിഫാ ക്യാമ്പസിന്റ് നിര്‍മാണം നടത്തിയതിന്റെ അവകാശവാദം യു.പി.പി നേതൃത്വത്തിലുള്ള ഭരണസമിതി എപ്പോഴും ഉന്നയിക്കുന്നത് കാണാം. അവരുടെ ഭരണസമിതിയാണ് നിര്‍മാണം നടത്തിയതെന്നു അംഗീകരിക്കുന്നു. എന്നാല്‍ അതിന്റെ വസ്തുത കൂടി രക്ഷിതാക്കളും അഭ്യുദയ കാംഷികളും മനസിലാക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു. റിഫ ക്യാമ്പസിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ പണം കണ്ടെത്തിയത് സ്‌കൂളിന്റെ സ്റ്റാഫിന് ഇന്റമിനിറ്റിയും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടുന്ന റിസര്‍വ് ഫണ്ട് ബാങ്കില്‍ ജാമ്യം നല്‍കിക്കൊണ്ടാണ്. ഇന്‍ഫ്രസ്ട്രക്ചര്‍ ഡവലപ്‌മെന്റ്‌റ് ഫീ എന്ന പേരില്‍ രക്ഷിതാക്കളില്‍ നിന്നും ബില്‍ഡിങ് നിര്‍മാണം ആരംഭിച്ച അന്നു മുതല്‍ അഞ്ചു ദിനാര്‍ വാങ്ങിയിട്ട് ബാങ്കില്‍ ഒരു ദിനാര്‍പോലും ലോണിന്റെ തിരിച്ചടവ് പ്രസ്തുത കമ്മറ്റി നടത്തിയിട്ടില്ല. ബാങ്കിന്റെ തിരിച്ചടവിനു മൂന്ന് വര്‍ഷത്തെ മൊറോട്ടിറിയം വാങ്ങി അതിന്റെ ബാധ്യത തുടര്‍ന്ന് വന്ന ഭരണസമിതിയുടെ തലയില്‍ കെട്ടിവക്കുകയാണ് അവര്‍ ചെയ്തത്.

അവരുടെ കെടുകാര്യസ്ഥതക്ക് മറ്റൊരു ഉദാഹരണം കൂടി സൂചിപ്പിക്കുന്നു. കഴിഞ്ഞ മഴക്കാലത്ത് റിഫാ ക്യാമ്പസിന്റ് റൂഫില്‍ ആകെ ചോര്‍ച്ച വന്നു. എന്തുകൊണ്ടാണ് ചോര്‍ച്ച വന്നത് എന്ന് പരിശോധിച്ചപ്പോള്‍ അത് വാട്ടര്‍ പ്രൂഫിന്റെ തകരാറു കൊണ്ടാണെന്നു മനസിലായി. അതിന്റെ അടിസ്ഥാനത്തില്‍ അവിടെ വാട്ടര്‍ പ്രൂഫ് ചെയ്ത കമ്പനിയെ സമീപിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ കമ്പനി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പൂട്ടിപോയി എന്നറിവായി. അതിന്റെ അടിസ്ഥാനത്തില്‍ അതിന്റെ സി.ആര്‍ ഉടമയുമായി ബന്ധപ്പെട്ട് നിയമ നടപടി സ്വീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ മനസിലാക്കുവാന്‍ കഴിഞ്ഞത് വാട്ടര്‍ പ്രൂഫിന് ആ കമ്പനി നല്‍കിയ ഗ്യാരന്റി കേവലം അഞ്ച് വര്‍ഷം മാത്രമാണെന്നാണ്. ബഹറൈനില്‍ കുറഞ്ഞത് 10-15 വര്‍ഷമാണ് വാട്ടര്‍ പ്രൂഫിന് നല്‍കുന്ന ഗ്യാരന്റി. എന്നിരിക്കെ അവര്‍ക്ക് ഗ്യാരന്റിമണി പോലും വെക്കാതെ പൂര്‍ണമായ പെയ്മെന്റാണ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ റീ വാട്ടര്‍പ്രൂഫ് ചെയ്ണമെങ്കില്‍ ആയിരകണക്കിന് ദിനാര്‍ വേണ്ടിവരും. അതിന്റെ നിര്‍മ്മാണ കരാര്‍ ചെയ്ത കമ്പനിയും നിലവിലില്ല. എന്തുകൊണ്ടായിരിക്കും കൃത്യമായ ഗ്യാരണ്ടീ ഇല്ലാതെ ഗ്യാരണ്ടീ മണി അന്നത്തെ കമ്മറ്റി ഇവര്‍ക്ക് എല്ലാം റിലീസ് ചെയ്തിട്ടുണ്ടാവുക എന്നത് ചിന്തനീയം.

ഇങ്ങനെ രക്ഷിതാക്കളുടെ പണം ധൂര്‍ത്തടിക്കുന്ന സമീപനമാണ് മുന്‍കാലങ്ങളില്‍ സ്‌കൂളില്‍ നടന്നിട്ടുള്ളത്. ഈ ഭരണസമിതി അധികാരത്തില്‍ വന്ന ശേഷം സ്‌കൂളിന്റെ ജഷന്മാല്‍ ഓഡിറ്റോറിയം നവീകരണം, ബസ് പാര്‍ക്കിങ് ഗ്രൗണ്ട് ആസ്ഫാള്‍ട്ട് , ഗ്രൗണ്ടില്‍ എല്‍.ഏ ഡി ഹൈമാസ്റ്റ് ലൈറ്റ്കള്‍ , ടോയിലറ്റുകളുടെ നവീകരണം, കാന്റീനുകളുടെ നവീകരണം, റിഫാ ക്യാമ്പസില്‍ കുട്ടികളുടെ പ്ലേ ഗ്രൗണ്ട്, ഓഡിറ്റോറിയം നവീകരണം, ടീച്ചേഴ്‌സ് റൂമുകളുടെ നവീകരണം ഫുട്ബോള്‍ ഗ്രൗണ്ട് നിര്‍മാണം അടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. അതില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് സ്‌കൂള്‍ ഫണ്ടില്‍ നിന്നും ഉപയോഗിച്ചത്. ബാക്കിയെല്ലാം അഭ്യുദയകാംഷികളില്‍ നിന്നും സംഭാവനയായി സ്വീകരിച്ചതാണ്. പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ട അനുകൂല്യത്തില്‍ നിന്നും അനാവശ്യമായ ധൂര്‍ത്ത് നടത്തി സ്‌കൂളിന്റെ സാമ്പത്തികനില നശിപ്പിച്ച മുന്‍കാല ഭരണസമിതിയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ പൊതുജനങ്ങള്‍ മനസിലാക്കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!