bahrainvartha-official-logo
Search
Close this search box.

പ്രവാസികള്‍ക്കുള്ള ധനസഹായം: അപേക്ഷകള്‍ തള്ളിയതിന്റെ കാരണം നോര്‍ക്ക വ്യക്തമാക്കണമെന്ന് കെ.എം.സി.സി ബഹ്റൈൻ

kmcc

മനാമ: കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനുള്ള മുക്കാല്‍ ലക്ഷത്തോളം അപേക്ഷകള്‍ തള്ളിയ നടപടി ദുരൂഹമാണെന്ന് കെ.എം.സി.സി ബഹ്റൈന്‍. ഇത്രയും അപേക്ഷകള്‍ തള്ളാനിടയായ സാഹചര്യം നോര്‍ക്ക വ്യക്തമാക്കണമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഏറെ പ്രതീക്ഷയോടെയാണ് ദുരിതത്തിലായ പ്രവാസികള്‍ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. ഇക്കാര്യം പരിഗണിക്കാതെയാണ് ഇത്രയുമധികം അപേക്ഷകള്‍ നോര്‍ക്ക ഒറ്റയടിക്ക് തള്ളിയത്. ഏതാനും അപേക്ഷകളാണ് തള്ളിയതെങ്കില്‍ അപേക്ഷാ സമര്‍പ്പണത്തിലുണ്ടായ വീഴ്ചയാണെന്ന് ധരിക്കാം. എന്നാല്‍ കാരണം പോലും വ്യക്തമാക്കാതെയുള്ള നോര്‍ക്കയുടെ നടപടി വിശ്വാസയോഗ്യമല്ലെന്നും കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി പറഞ്ഞു.

വിസകളുടെ സ്വഭാവവും ധനസഹായത്തിനുള്ള മാനദണ്ഡമായി പരിഗണിക്കുന്നുണ്ടെന്നാണ് നോര്‍ക്ക ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിയുന്നത്. ഇത് പ്രവാസികള്‍ക്കിടയില്‍ തന്നെ വേര്‍തിരിവുണ്ടാക്കുന്ന തീരുമാനമാണ്. പലരും ഗള്‍ഫ് നാടുകളില്‍ വിത്യസ്ത വിസയില്‍ എത്തിയാണ് ജോലി ചെയ്യുന്നത്. ഇത്തരമാളുകള്‍ക്ക് ധനസഹായം നിഷേധിക്കുന്നത് അനീതിയാണ്. പ്രയാസങ്ങളും കഷ്ടപ്പാടുകളും മനസ്സിലാക്കിയിട്ടും പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക തന്നെ ഇത്തരത്തില്‍ സുതാര്യമല്ലാത്ത നടപടികള്‍ സ്വീകരിക്കരുത്. ഏറെ പ്രതീക്ഷയോടെ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും ധനസഹായം ലഭ്യമാക്കണമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!