bahrainvartha-official-logo
Search
Close this search box.

ശൈഖ് ഖലീഫ പ്രജാക്ഷേമ താല്‍പര്യം കാത്തുസൂക്ഷിച്ച ഭരണാധികാരിയെന്ന് എം.എ യൂസഫലി, പ്രവാസികളെ സ്വന്തം രാജ്യത്തിന്റെ പൗരന്മാരായി കണ്ട നേതാവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി; കെ എം സി സി ബഹ്റൈൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

received_701947797412672

മനാമ: എല്ലാകാലത്തും പ്രജാക്ഷേമ താല്‍പര്യം കാത്തുസൂക്ഷിച്ച നേതാവായിരുന്നു ബഹ്‌റൈന്‍ മുന്‍പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫയെന്ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ എം.എ യൂസഫലി. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ ഓണ്‍ലൈന്‍ അനുസ്മരണം സൂമിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈനെ സാംസ്‌കാരിക വാണിജ്യ ഉന്നതിയിലെത്തിച്ച അദ്ദേഹം ആര്‍ക്കിടെക്ട് ഓഫ് മോഡേണ്‍ ബഹ്‌റൈന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അമ്പത് വര്‍ഷത്തിലധികം ഭരണത്തിലിരുന്ന അദ്ദേഹം ജനങ്ങളോടും പ്രവാസികളോടും എന്നും സ്‌നേഹവും സാഹോദര്യവും പ്രകടിപ്പിക്കാറുണ്ടായിരുന്നു. പ്രവാസികളോട്, വിശിഷ്യാ മലയാളികളെ ഏറെ ആത്മബന്ധത്തോടെയായിരുന്നു അദ്ദേഹം സമീപിച്ചിരുന്നത്. അദ്ദേഹത്തോട് ഇടപഴകാന്‍ ലഭിച്ച പലസന്ദര്‍ഭങ്ങളില്‍നിന്നു ഇക്കാര്യം അടുത്തറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പേരില്‍ പ്രവാസലോകത്തുനിന്ന് ഇത്തരത്തിലൊരു അനുസ്മരണം സംഘടിപ്പിച്ച കെ.എം.സി.സി ബഹ്‌റൈന്‍ കമ്മിറ്റിയെ അഭിനന്ദിക്കുന്നതായും കെ.എം.സി.സി കൊവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തില്‍ മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറിയും പാര്‍ലമെന്റേറിയനുമായ പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എം.ഡിയും ചെയര്‍മാനുമായ അലി കെ. ഹസ്സന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഹ്‌റൈന്‍ എന്ന കൊച്ചു രാജ്യത്തിന്റെ വികസനത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫയെന്ന് അദ്ദേഹം അനുസ്മരിച്ചു. ധീരനായ ഭരണാധകാരിയായിരുന്ന അദ്ദേഹം ഭാവനാസമ്പന്നമായ കാഴ്ചപ്പാടിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിച്ചു. ലോകത്തിന് മുന്നില്‍ ബഹ്‌റൈനിന് ആദരവും അഗീകാരവും നേടിയെടുക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചുവെന്നും അലി കെ. ഹസ്സന്‍ പറഞ്ഞു. സാമൂഹിക സാംസ്‌കാരിക നേതാക്കളായ സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍, സോമന്‍ ബേബി, അരുള്‍ ദാസ്, പ്രിന്‍സ് നടരാജന്‍, പി.വി രാധാകൃഷ്ണ പിള്ള, ഡോ. പി.വി ചെറിയാന്‍, ബിനു കുന്നന്താനം, എസ്.വി ജലീല്‍, അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ സ്വാഗതവും ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം നന്ദിയും പറഞ്ഞു. ഹാഫിള് ശറഫുദ്ധീൻ മൗലവി ഖിറാഅത്ത് നിര്‍വഹിച്ചു. കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെ.പി മുസ്തഫ, ശാഫി പാറക്കട്ട, ഗഫൂര്‍ കയ്പമംഗലം, ശംസുദ്ധീൻ വെള്ളികുളങ്ങര, എ.പി ഫൈസല്‍ വില്ല്യാപ്പള്ളി, എം.എ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി.വി മന്‍സൂര്‍ സൂം നിയന്ത്രിച്ചു. അഞ്ഞൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു.


പ്രവാസികളെ സ്വന്തം രാജ്യത്തിന്റെ പൗരന്മാരായി കണ്ട നേതാവ്: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

മനാമ: ബഹ്‌റൈനിലെ പ്രവാസികളെയും മറ്റ് രാജ്യങ്ങളിലെ ജനങ്ങളെയും സ്വന്തം രാജ്യത്തെ പൗരന്മാരെ പോലെ കണ്ട് പരിപാലിച്ച ഭരണാധികാരിയാണ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കെ.എം.സി.സി ബഹ്‌റൈന്‍ സംഘടിപ്പിച്ച ഹിസ് റോയൽ ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ ഓണ്‍ലൈന്‍ അനുസ്മരണ സംഗമത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ മലയാളികളോടും പ്രവാസികളോടും കാണിക്കുന്ന സ്‌നേഹവും വാത്സല്യവും എല്ലാകാലത്തും എടുത്ത് പറയേണ്ടതാണ്. അതിന് നൂറ്റാണ്ടുകളുടെ ചരിത്രവും വ്യക്തമായ ചരിത്രപശ്ചാത്തലവുമുണ്ട്. ഇത് പിന്തുടര്‍ന്ന് നമ്മോട് ഏറെ സ്‌നേഹവും ആദരവും കാണിച്ച മഹാവ്യക്തിത്വമായിരുന്നു ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ. അദ്ദേഹത്തിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!