പ്രതിഷേധങ്ങൾ ഫലം കണ്ടു; കേരളത്തിൽ പ്രവാസികൾക്കുള്ള കോവിഡ് പരിശോധന സൗജന്യമായി നടത്തുമെന്ന് ആരോഗ്യ മന്ത്രി, കേന്ദ്രത്തിൻ്റെ അനങ്ങാപ്പാറ നയത്തിൽ ആശ്വാസം പകർന്ന് കേരള സർക്കാർ

തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്ന പ്രവാസികള്‍ക്ക് കേരളത്തിൽ സൗജന്യമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എയര്‍പോര്‍ട്ടിലെ പരിശോധന കര്‍ശനമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം. അതിനാല്‍ ടെസ്റ്റ് നടത്താതിരിക്കാനാകില്ല. വരുന്ന പ്രവാസികളുടെ പരിശോധ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം ഉടന്‍ തന്നെ അയച്ചുകൊടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാംതരംഗമുണ്ടാകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ കോവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് 31 ശതമാനം വര്‍ധനവാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എയര്‍പോര്‍ട്ട് നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

ഇന്ത്യയിലേക്ക് പോകുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എത്തിയ ശേഷം വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നുള്ള കേന്ദ്ര സർക്കാറിന്റെ നിബന്ധനകളിൽ പ്രവാസികൾ ഇതിനോടകം തന്നെ ആശങ്കകളും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. എന്നാൽ തീരുമാനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെയാണ് കേരളത്തിലെ എയർപോർട്ടുകളിലെ പരിശോധന സൗജന്യമാക്കുമെന്ന് കേരള സർക്കാർ പ്രഖ്യാപിക്കുന്നത്. പ്രവാസികൾക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്.