ബഹ്റൈനിലെത്തുന്ന വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഈദുൽ ഫിത്വർ ദിനം മുതല്‍ കോവിഡ് ടെസ്റ്റ് വേണ്ട, കോവിഡ്​ മുക്​തരായവർക്കും ഇളവ്

മനാമ: ബഹ്‌റൈനിലേക്ക് വരുന്ന വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ഈദ് ദിനം മുതല്‍ കോവിഡ് പിസിആര്‍ പരിശോധന ഒഴിവാക്കിയതായി നാഷണൽ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. കോവിഡ്​ മുക്​തരായവർക്കും ടെസ്​റ്റിൽനിന്ന്​ ഇളവ്​ നൽകിയിട്ടുണ്ട്​. ഇവർ ‘ബി അവെയർ’ആപ്പിൽ ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ്​ ഹാജരാക്കണം.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റു പുതിയ നിബന്ധനകളും ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. റസ്​റ്റോറൻറുകളിലും കഫേകളിലും അകത്തിരുന്ന്​ ഭക്ഷണം കഴിക്കുന്നത്​ ഈദ്​ മുതൽ കോവിഡ്​ വാക്​സിൻ എടുത്ത്​ രണ്ടാഴ്​ച കഴിഞ്ഞവർക്കും കോവിഡ്​ മുക്​തരായവർക്കും മാത്രമായി പരിമിതപ്പെടുത്തും. ഇവരോടൊപ്പം വരുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും. ഇവരും ‘ബി അവെയര്‍’ ആപ്പില്‍ ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇൻഡോർ സ്​പോർട്​സ്​ ഹാളുകൾ, ഇൻഡോർ നീന്തൽക്കുളങ്ങൾ, സിനിമാ ഹാളുകൾ, ഇൻഡോർ ജിംനേഷ്യങ്ങൾ, സ്​പാ, ഇൻഡോർ വിനോദ ശാലകൾ, പൊതുപരിപാടികൾ നടക്കുന്ന ഹാളുകൾ, കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം എന്നിവക്കും ഈ നിബന്ധനകൾ ബാധകമാണ്​.

അതേസമയം, സാമൂഹിക അകലം പാലിച്ചുകൊണ്ട്​ റസ്​റ്റോറൻറുകളിലും കഫേകളിലും എല്ലാവർക്കും പുറത്ത്​ ഭക്ഷണം നൽകാവുന്നതാണ്​. ഔട്ട്​ഡോർ ജിംനേഷ്യം, കളി മൈതാനങ്ങൾ, ഔട്ട്​ഡോർ നീന്തൽക്കുളങ്ങൾ, ഔട്ട്​ഡോർ വിനോദ ശാലകൾ, ഔട്ട്​ഡോർ സിനിമാ ഹാളുകൾ എന്നിവക്കും ഇത്​ ബാധകമാണ്​.

സാഹചര്യം വിലയിരുത്തി ഈ തീരുമാനങ്ങൾ പുനഃപരിശോധനക്ക് വിധേയമാണെന്നും ടാസ്ക് ഫോഴ്സ് ​ കൂട്ടിച്ചേർത്തു.