bahrainvartha-official-logo
Search
Close this search box.

ഒരു ജനത നെഞ്ചിലേറ്റിയ സ്‌നേഹ സമ്പന്നനായ പ്രധാനമന്ത്രിക്ക് വിട!

IMG-20201112-WA0143

ഗള്‍ഫ് രാജ്യങ്ങളില്‍ താരതമ്യേന ചെറിയ രാജ്യമാണ് ബഹ്‌റൈന്‍. ആഗോള തലത്തില്‍ തന്നെ വലിയ സാമ്പത്തിക ശക്തിയായി മാറാന്‍ ഒറ്റനോട്ടത്തില്‍ കഴിയില്ലെന്ന് നിരീക്ഷകര്‍ക്ക് വിലയിരുത്താന്‍ കഴിയുന്ന പവിഴ ദ്വീപ്. എന്നാല്‍ ആഗോള സാമ്പത്തിക ശക്തികളെ അദ്ഭുതപ്പെടുത്തിയ മുന്നേറ്റമായിരുന്നു ബഹ്‌റൈന്റേത്. എണ്ണയിതര സാമ്പത്തിക ശ്രോതസുകളെക്കുറിച്ച് കൃത്യമായി ദീര്‍ഘ വീക്ഷണമുണ്ടായിരുന്ന ഗള്‍ഫ് രാജ്യം. അത്തരമൊരു വികസന സങ്കല്‍പ്പത്തിലേക്ക് ബഹ്‌റൈനെ മുന്നില്‍ നിന്ന് നയിച്ച ഭരണാധികാരിയായിട്ടാണ് ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അറിയപ്പെടുന്നത്.

1971ല്‍ ബഹ്‌റൈന്റെ ചരിത്രത്തില്‍ നാഴികക്കല്ലാവായി മാറിയ ഒരു രാജകുടുംബാഗം പ്രധാനമന്ത്രിയായി ചുമതലയേറ്റു. അന്നത്തെ ബഹ്‌റൈന്‍ രാജാവും സഹോദരനുമായ ഇസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയെ പ്രധാനമന്ത്രിയായി നിയോഗിക്കുന്നത്. ബഹ്‌റൈന്‍ അതുവരെ കടന്നുപോയ പുരോഗതിയില്‍ നിന്ന് ആധുനിക വികസന സങ്കല്‍പ്പത്തിലേക്കുള്ള കുതിപ്പ് ആരംഭിക്കുന്നത് ഈ സ്ഥാനാരോഹരണത്തോടെയാണ്.

എണ്ണയിതര ഉല്‍പ്പന്നങ്ങളിലേക്ക് സാമ്പത്തിക വികസന പ്രക്രിയ വളരാനുണ്ടെന്ന ബോധ്യം അദ്ദേഹത്തിന് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയ കാലഘട്ടം മുതല്‍ ഉണ്ടായിരുന്നു. അദ്ദേഹം വിടപറയുമ്പോള്‍ ലോകത്തിലെ എല്ലാ സുപ്രധാന ബാങ്കുകളും ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ബാങ്കിങ് മാത്രമായിരുന്നില്ല, ധനകാര്യം, ഹോട്ടല്‍, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ വികസനത്തിന്റെ പുതിയ സാധ്യതകള്‍ തേടിയ പ്രിന്‍സ് ഖലീഫ രാജ്യത്തിൻ്റെ വികസന സങ്കല്‍പ്പത്തെ തന്നെ ആധുനികവല്‍ക്കരിച്ചു. സാമ്പത്തികവും സാമൂഹികവുമായി ബഹ്‌റൈന്റെ ഉന്നമനത്തിനായി വലിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി.

അയല്‍ രാജ്യങ്ങളുമായി സമാധാനപരമായി അന്തരീക്ഷം വികസിപ്പിച്ചു. പല മേഖലകളിലും ലോകരാജ്യങ്ങളുമായി കൈകോര്‍ത്തു. പ്രവാസി സമൂഹത്തോട് വലിയ കരുതലും സ്‌നേഹവും സൂക്ഷിച്ച ഭരണകര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം എന്നത് പ്രത്യേകം ഓര്‍മ്മിക്കേണ്ട വസ്തുതയാണ്.

രാജ്യത്തിന്റെ തൊഴിലാളി കരുത്തിന് കൃതജ്ഞതയോടെ പ്രവാസികളോട് പെരുമാറിയ വിനയശീലനായ നേതാവായിരുന്നു അദ്ദേഹം. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനിലെത്തിയപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ഈ സന്ദര്‍ഭത്തോട് ചേര്‍ത്തു വായിക്കാന്‍ കഴിയുന്നതാണ്.

‘2017ല്‍ ബഹ്‌റൈന്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചിരുന്നു. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കഠിനാദ്ധ്വാനത്തെയും സത്യസന്ധതയെയും അദ്ദേഹം പ്രശംസിച്ചത് ഓര്‍ക്കുന്നു. തനിക്ക് കീഴില്‍ രണ്ടായിരത്തിലേറെ മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍.

 

വിദ്യാഭ്യാസം, ടൂറിസം, ആയുര്‍വേദം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളവുമായി കൂടുതല്‍ സഹകരിക്കാനുള്ള അതീവ താത്പര്യം അദ്ദേഹം അന്ന് പ്രകടിപ്പിച്ചതും മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ലോകരാജ്യങ്ങളുമായി സമാധാനപരമായി ബന്ധങ്ങള്‍ സൂക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രാവീണ്യവും പരിചയ സമ്പത്തും എടുത്ത് പറയേണ്ടിയിരിക്കുന്നു.

ഉത്തര്‍ പ്രദേശില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട വ്യക്തിക്ക് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട ഭാര്യയുടെ മൃതദേഹം ചുമന്ന് കൊണ്ട് കിലോ മീറ്ററുകളോളം പോകേണ്ട അവസ്ഥ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്ത കാര്യമാണ്. ആ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുവാന്‍ തയ്യാറായ ഹൃദയ വിശാലതകൊണ്ട് ലോകത്തെ കീഴടക്കിയ മഹാനായ ഭരണാധികാരിയാണ് അദ്ദേഹമെന്ന് ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ വിശേഷിപ്പിച്ചിരുന്നു.

സൗദി അറേബ്യയുമായി ബഹ്‌റൈനെ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയുടെ നിര്‍മ്മാണം രാജ്യത്തെ വിനോദസഞ്ചാര മേഖലക്കും വാണിജ്യത്തിനും കുതിപ്പേകി. ലോകത്ത് ഏറ്റവുമധികം അലുമിനിയം ഉല്‍പാദിപ്പിക്കുന്ന ‘അല്‍ബ’ ബഹ്‌റൈന് നല്‍കി കരുത്ത് ചെറുതല്ല. ലോകത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലഘട്ടം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയായിരുന്നു പ്രിന്‍സ് ഖലീഫ. ദീര്‍ഘ വീക്ഷണത്തോടെയുള്ള വികസന സങ്കല്‍പ്പങ്ങള്‍ പടിപടിയായി ബഹ്‌റൈനില്‍ നടപ്പിലാക്കുന്നതിന് ദീര്‍ഘകാലത്തെ അധികാരം അദ്ദേഹത്തിന് സഹായകമാവുകയും ചെയ്തു.

നെഞ്ചിലേറ്റിയ ഭരണകര്‍ത്താവിന്റെ മരണം ബഹ്‌റൈനിലെ പ്രവാസി സമൂഹം ഉള്‍പ്പെടുന്ന ജനതയ്ക്ക് വലിയ ആഘാതമാണ്. വിദ്യഭ്യാസം, സാംസ്‌കാരികം, ധനകാര്യം തുടങ്ങിയ സമഗ്ര മേഖകളിലും വലിയ പുരോഗതിയിലേക്ക് രാജ്യത്തെ ഉയര്‍ത്തിയാണ് പ്രിന്‍സ് ഖലീഫ വിടപറഞ്ഞത്. പ്രാര്‍ത്ഥനകള്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!