യു.ഡി.എഫ് പ്രചാരണം ബഹ്‌റൈനിലും സജീവം: കണ്‍വന്‍ഷന്‍ നടത്തി

IMG_20201209_115520

മനാമ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണം പ്രവാസലോകത്തും സജീവമാക്കി യു.ഡി.എഫ്. യു.ഡി.എഫ് പ്രവാസി കൂട്ടായ്കളുടെ നേതൃത്വത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൊള്ളരുതായ്മകള്‍ തുറന്നുകാട്ടി യു.ഡി.എഫ് പ്രവാസലോകത്തും പ്രചാരണം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ബഹ്‌റൈന്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ബഹ്‌റൈന്‍ യു.ഡി.എഫ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിരവധി പേര്‍ പങ്കാളികളായി. സൂമിലൂടെ ചേര്‍ന്ന സംഗമം യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.

തദ്ദേശ സ്ഥാപനങ്ങളുടെ അന്തസത്ത കളഞ്ഞുകുടിച്ച ഇടതുമുന്നണി സര്‍ക്കാരിനെതിരേ പ്രദേശിക വികസനം മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന് പഞ്ചായത്തുരാജ് ആക്ടിലൂടെ കൊണ്ടുവന്ന ത്രിതല പഞ്ചായത്ത് സംവിധാനത്തെ തകര്‍ക്കുന്ന നടപടിയാണ് കഴിഞ്ഞ നാലരവര്‍ഷമായി ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. യഥാക്രമം ഫണ്ട് നല്‍കാതെ ഇടതുസര്‍ക്കാര്‍ തദ്ദേശ ഭരണസംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.
വികസനത്തിന്റെ മറവില്‍ അഴിമതിയും കൊള്ളത്തരവും നടത്തുന്ന എല്‍.ഡി.എഫിന് വികസനത്തിന് വോട്ടു ചോദിക്കാന്‍ അര്‍ഹതയില്ല. അഴിമതിക്കെതിരേയും അക്രമത്തിനെതിരേയുമാണ് യു.ഡി.എഫ് ജനങ്ങളോട് വോട്ട് അഭ്യര്‍ഥിക്കുന്നത്. ഇതിന് ലോകത്തെല്ലാ മലയാളികളുടെയും പിന്തുണയുണ്ടാകണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ സ്വാഗതം പറഞ്ഞ സംഗമത്തില്‍ ഒ.ഐ.സി.സി ബഹ്‌റൈന്‍ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. കെ.എം ഷാജി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വലിയ സ്ഥാനമുണ്ടെന്നും കൊവിഡ് പ്രതിസന്ധി കാലത്ത് പ്രവാസികളെ രണ്ടാം പൗരന്മാരാക്കി വേര്‍തിരിവ് കാണിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലാണ് രാജ്യത്തിന്റെ ശക്തിയെന്ന് തിരിച്ചറിഞ്ഞാണ് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആശയത്തിലൂന്നി ത്രിതല പഞ്ചായത്ത് സംവിധാനം രൂപീകരിച്ചത്. ഇതിന്റെ ഫലമായാണ് ലോകം മുഴുവന്‍ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചുനിന്നത്. എന്നാല്‍ ഈ ഇടതുസര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും വെട്ടിക്കുറച്ച് ഈ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ തന്നെ ഈ ശ്രമങ്ങളെ എതിര്‍ത്ത് നമ്മുടെ ഗ്രാമങ്ങളെയും പഞ്ചായത്തുകളെയും ശാക്തീകരിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് നാം ലക്ഷ്യംവയ്ക്കുന്നതെന്നും ഇതിന് പ്രവാസി സമൂഹത്തിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മോന്‍സ് ജോസഫ് എം.എല്‍.എ യു.ഡി.എഫ് പ്രകടന പത്രിക അവലോകനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുമ്പറം, കെ.എം.സി.സി ബഹ്‌റൈന്‍ ആക്ടിങ് ജന. സെക്രട്ടറി ഒ.കെ കാസിം, പ്രവാസി കോണ്‍ഗ്രസ് പ്രതിനിധി ജോണ്‍സണ്‍ കുര്യന്‍, കെ.എം.സി.സി ബഹ്‌റൈന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെ.എം.സി.സി ഓര്‍ഗനൈസിങ് സെക്രട്ടറി കെ.പി മുസ്തഫ നന്ദി പറഞ്ഞു. കെ.എം.സി.സി ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി പി.വി മന്‍സൂര്‍ സൂം നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!