മനാമ: ബഹ്റൈനിൽ സ്വദേശി പ്രവാസി വ്യത്യാസമില്ലാതെ കോവിഡ്-19 പ്രതിരോധ വാക്സിൻ ഏവർക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. നേരത്തെ ബഹ്റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഹമദ് ഈസാ അൽ ഖലീഫയും ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. രാജാവിൻ്റെ നിർദ്ദേശാനുസരണം വാക്സിൻ ഏവർക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ മുൻനിര പോരാളികൾ വഹിക്കുന്ന അതുല്യവും നിസ്തുല വുമായ പങ്കിനെ സ്മരിക്കാനും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
18 വയസിൽ മുതിർന്ന ഏവർക്കും പ്രതിദിനം 5000 മുതൽ 10000 പേർക്കെന്നോണം 27 മെഡിക്കൽ സെൻ്ററുകൾ മുഖേന വാക്സിനേഷൻ നടപ്പിലാക്കാനാണ് പദ്ധതി. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോളുകൾ പാലിച്ച് രാജ്യത്തെ കോവിഡ് പ്രതിരോധ മെഡിക്കൽ ടാസ്ക് ഫോഴ്സാണ് വാക്സിനേഷൻ്റെ ചുമതല വഹിക്കുക. ലോകാരോഗ്യ സംഘടന അംഗീകരിച്ച അമേരിക്കൻ -ജർമൻ കമ്പനിയുടെ ഫൈസർ – ബയോ എൻടെക് വാക്സിനാണ് ബഹ്റൈൻ വിതരണം ചെയ്യുന്നത്. ലോകത്ത് ബ്രിട്ടന് ശേഷം ഈ വാക്സിൻ ലഭ്യമാക്കുന്ന ആദ്യ രാജ്യമാണ് ബഹ്റൈൻ.
വിവിധ തലങ്ങളിലെ പരിശോധനക്ക് ശേഷമാണ് ബഹ്റൈൻ നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) വാക്സിന് അനുമതി നൽകിയത്. നവംബറിൽ സിനോഫാം വാക്സിന് ബഹ്റൈൻ അനുമതി നൽകിയിരുന്നു. കോവിഡ് പ്രതിരോധ രംഗത്ത് മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കാണ് നിലവിൽ ഈ വാക്സിൻ നൽകി വരുന്നത്.
കോവിഡ് പ്രതിരോധത്തിന് ബഹ്റൈൻ സ്വീകരിക്കുന്ന നടപടികളിൽ നിർണായക ചുവടുവെപ്പാണ് ഫൈസർ/ബയോ എൻടെക്ക് വാക്സിന് നൽകിയ അനുമതിയെന്ന് എൻ.എച്ച്.ആർ.എ സി.ഇ.ഒ ഡോ. മർയം അൽ ജാലഹ്മ പറഞ്ഞിരുന്നു. കോവിഡ്-19 വാക്സിൻ സ്വദേശി – പ്രവാസി വ്യത്യാസമില്ലാതെ ഏവർക്കും ലഭ്യമാക്കണമെന്ന് ഹമദ് രാജാവും വ്യക്തമാക്കിയിരുന്നു.